Latest NewsKeralaNews

പത്തനംതിട്ടയില്‍ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ സംഘര്‍ഷം: പോലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്ക്

പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും സോഡാ കുപ്പികളും വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കുകയായിരുന്നു.

കൊടുമണ്‍: പത്തനംതിട്ട കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ കൊടുമണ്‍ സിഐ മഹേഷ് കുമാറിന് പരിക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും സിപിഎം, സിപിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ടപ്പോഴാണ് സിഐക്ക് പരിക്കേറ്റത്. കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സിപിഎമ്മും സിപിഐയും രണ്ട് പാനലായാണ് മത്സരിക്കുന്നത്.

മറ്റ് പാര്‍ട്ടികള്‍ക്ക് പാനലോ സ്ഥാനാര്‍ഥികളോ ഉണ്ടായിരുന്നില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നതിനാല്‍ ഇരുപാര്‍ട്ടികളിലേയും നിരവധി പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് നടന്ന അങ്ങാടിക്കല്‍ എസ്എന്‍വി സ്‌കൂള്‍ പരിസരത്ത് രാവിലെ മുതല്‍ തമ്പടിച്ചിരുന്നു. രാവിലെ നേരിയ സംഘര്‍ഷം പ്രദേശത്തുണ്ടായിരുന്നു.

സംഘര്‍ഷം നിയന്ത്രിക്കാനാണ് പോലീസ് ഇടപെട്ടത്. ഇതിനിടെയാണ് മഹേഷ് കുമാറിന് തലക്ക് പരിക്കേറ്റത്. മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാര്‍ട്ടികളുടേയും പ്രധാന നേതാക്കളടക്കം സ്ഥലത്ത് എത്തിയിരുന്നു. ഉച്ചക്ക് ശേഷം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും സോഡാ കുപ്പികളും വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button