ജിദ്ദ: സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽ മലയാളി നഴ്‌സുമാർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടു. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്‌സുമാർക്കാണ് പണം നഷ്ടപ്പെട്ടത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത്.
ബാങ്കിൽ നിന്നാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ നഴ്‌സുമാരുമായി ബന്ധപ്പെട്ടത്. അക്കൗണ്ട് നമ്പർ പറഞ്ഞു കൊണ്ടാണ് തട്ടിപ്പ് സംഘം നഴ്‌സുമാരുമായി സംസാരിച്ചത്. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ തുടർന്നു. ഈ സമയത്തിനുള്ളിലാണ് ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്. ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിരുന്നില്ല. ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ ബാങ്കിലേക്കാണ് പണം മാറ്റിയതെന്നാണ് ബാങ്ക് അധികൃതർ അറിയിക്കുന്നത്.
Post Your Comments