തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പീഡനക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതാണ് ഇന്നത്തെ വലിയ ചർച്ച. പലരും സഭയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ പ്രോസിക്യൂഷന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിലെ ബിഷപ്പ് ഫ്രാങ്കോയും ബിഹാറിലെ സന്തോഷ് പ്രസാദും ഡൽഹിയിലെ ഹരി സിങ്ങും.
ബിഹാറിലെ പറ്റ്നയിലെ ഒരു വിചാരണ കോടതിയിൽ ഒരു കേസ് വന്നു. മഖ്ദംപൂർ സ്വദേശിയായ സന്തോഷ് പ്രസാദ് ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ചു. സംഭവം നടന്നത് 2011ൽ. കുറ്റം തെളിഞ്ഞു. വിചാരണ കോടതി സന്തോഷിനെ 10 വർഷം തടവിന് ശിക്ഷിച്ചു. അയാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. സന്തോഷ് സുപ്രീംകോടതിയെ സമീപിച്ചു.
സുപ്രീംകോടതി തെളിവുകളും മൊഴികളും പരിശോധിച്ചു.
കുറ്റം തെളിയിക്കാവുന്ന ശാസ്ത്രീയ പരിശോധനാഫലമോ തെളിവുകളോ ഇല്ല. അനുബന്ധ തെളിവുകൾ ഇല്ലാത്തതിനാൽ ശിക്ഷിക്കാൻ കഴിയില്ലെന്നു കണ്ട് കോടതി സന്തോഷിനെ വെറുതെവിട്ടു. ജസ്റ്റിസ് അശോക് ഭൂഷണും എം ആർ ഷായും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞതുതന്നെ, പരാതിക്കാരിയുടെ മൊഴി അകൃത്രിമവും, അകളങ്കിതവും, പൂർണ്ണമായും വിശ്വാസയോഗ്യവും ആയിരിക്കണമെന്നും അതിനോട് തെളിവുകളും സാഹചര്യങ്ങളും പൂർണ്ണമായും യോജിക്കണം എന്നുമാണ്. ചുരുക്കത്തിൽ മൊഴിയെ ഒരുതരത്തിലും ഖണ്ഡിക്കാൻ സാധിക്കരുത് എന്നർത്ഥം.
2012ൽ ജസ്റ്റിസുമാരായ സ്വതന്തർ കുമാറും മൊഹമ്മദ് ഖലിഫുള്ളയും അടങ്ങിയ ബെഞ്ച് കീഴ്ക്കോടതികളുടെ വിധികൾക്ക് വിരുദ്ധമായി റായ് സന്ദീപ്, ഹരി സിങ് എന്നിവരെ പീഡനക്കേസിൽ മോചിപ്പിച്ചതും ഇതേ കാരണത്താൽ തന്നെ.
ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും അതാവും സംഭവിച്ചിരിക്കുക. പരാതിക്കാരിയുടെ മൊഴിയെ അനുബന്ധ തെളിവുകൾ നൽകി അകൃത്രിമവും, അകളങ്കിതവും, പൂർണ്ണമായും വിശ്വാസയോഗ്യവും ആക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടിരിക്കുന്നു.
അനുബന്ധ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഇല്ല. പ്രോസിക്യൂഷന്റെ വീഴ്ചയെ മറയ്ക്കാൻ സഭയുടെ സ്വാധീനശക്തിയെ കുറ്റം പറയുന്നതിലെന്തു കാര്യം! ബിഹാറിലെ സന്തോഷ് പ്രസാദും ഡൽഹിലെ റായ് സന്ദീപും ഹരി സിങ്ങും കത്തോലിക്കാ സഭയുടെ സ്വാധീനം കൊണ്ടല്ലല്ലോ രക്ഷപെട്ടത്.
Post Your Comments