തിരുവനന്തപുരം : മുൻ മന്ത്രി കെടി ജലീലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്‍ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഇടതുമുന്നണിയുമായി മുസ്‌ലിം ലീഗും അഖിലേന്ത്യാ ലീഗും സഹകരിച്ച് പ്രവര്‍ത്തിച്ചതിനെ ചൂണ്ടിക്കാണിക്കുന്നവര്‍ അഖിലേന്ത്യാ ലീഗ് ഇടതുമുന്നണി വിട്ടുപോരാനും ഇരു ലീഗുകളും ലയിക്കാനും കാരണമായത് അന്നത്തെ മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ശരീഅത്ത് വിരുദ്ധ നിലപാടുകളാണെന്ന കാര്യം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണെന്ന് സലാം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഭിനവ ചെക്കുട്ടിമാരെ വച്ച് പുത്തന്‍ ഫത്‌വകള്‍ ഇറക്കിയാലൊന്നും വിശ്വാസിക്ക് കമ്മ്യൂണിസം ഹലാലാകുമെന്ന് കരുതേണ്ടെന്നും സലാം കുറിച്ചു
പിഎംഎ സലാമിന്റെ കുറിപ്പ് പൂര്‍ണരൂപം
ഇടതുമുന്നണിയുമായി മുസ്‌ലിം ലീഗും അഖിലേന്ത്യാ ലീഗും സഹകരിച്ച് പ്രവര്‍ത്തിച്ചതിനെ ചൂണ്ടിക്കാണിക്കുന്നവര്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗ് ഇടത് മുന്നണി വിട്ട് പോരാനും ഇരു മുസ്‌ലിം ലീഗുകളുടെയും ലയനം സാധ്യമാകുന്നതിനും കാരണമായത് അന്നത്തെ മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ശരീഅത്ത് വിരുദ്ധ നിലപാടുകളും പ്രസ്താവനകളുമാണെന്ന കാര്യം ബോധപൂര്‍വം മറച്ചുവയ്ക്കുന്നു.
യുവതലമുറയില്‍ മതനിരാസവും ദൈവനിഷേധവും അങ്കുലിപ്പിക്കാന്‍ അപകടകരമാംവിധം ശ്രമങ്ങള്‍ നടക്കുമ്ബോഴും ന്യൂനപക്ഷാവകാശങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെടുമ്ബോഴും ”അരുത്” എന്ന് കമ്മ്യൂണിസത്തോട് ഉറക്കെ പറയാനും അതിനെതിരെ ക്യാമ്ബയിന്‍ ചെയ്യാനും മുസ്‌ലിം ലീഗ് മുന്നിട്ടിറങ്ങിയതാണ് ബ്രാഞ്ച് മുതല്‍ പോളിറ്റ് ബ്യൂറോ വരെയുളള നിലവിളികളുടെ പ്രധാന ഹേതുവെന്ന ബോധ്യം മുസ്‌ലിം ലീഗിനുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരു മാസക്കാലം ദിനേനെയെന്നോണം ലീഗിനെതിരെ പ്രസംഗിച്ചിട്ടും പ്രസ്താവനയിറക്കിയിട്ടും സാധിക്കാത്തത് എ.കെ.ജി സെന്ററിലെ കൂലി പ്രാസംഗികരെ കൊണ്ട് സാധിക്കുമെന്നത് സി.പി.എമ്മിന്‍റെ മിഥ്യാധാരണയാണ്. അഭിനവ ചെക്കുട്ടിമാരെ വെച്ച് പുത്തന്‍ ഫത്‌വകള്‍ ഇറക്കിയാലൊന്നും വിശ്വാസിക്ക് കമ്മ്യൂണിസം ഹലാലാകുമെന്ന് കരുതുകയും വേണ്ട.
”കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയില്‍ നാഷണല്‍ ലീഗിന്റെ പ്രതിനിധിയായി എം.എല്‍.എയായ ആളാണ് പി.എം.എ സലാം’ എന്നത് ഒരു പുതിയ വെളിപാടല്ല. ഏതായാലും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചുവെന്നത് ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ, ലേബലേതായാലും കൂടെയുള്ളവര്‍ക്ക് ഒരു കാലത്തും പി.എം.എ സലാം കാരണം തലകുനിക്കേണ്ടി വന്നിട്ടില്ല എന്നതില്‍ പൂര്‍ണതൃപ്തനാണ്.
രാഷ്ട്രീയ ജീവിതത്തിന് ഇടക്ക് മുസ്‌ലിം ലീഗ് പാര്‍ട്ടിയോട് രണ്ടുതവണ പിണങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു കാലത്തും നിഷേധിച്ചിട്ടില്ല. മഹാന്മാരായ സുലൈമാന്‍ സേട്ട് സാഹിബിന്റെയും സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളുടെയും എം.കെ ഹാജിയുടെയുമെല്ലാം കൂടെയായിരുന്നു അക്കാലങ്ങളില്‍. മറ്റുചിലരെ പോലെ ഏതെങ്കിലും പാര്‍ട്ടി ഓഫീസിന്റെ വരാന്തയില്‍ കാവലിരിക്കേണ്ടി വന്നിട്ടില്ല. പറയാനൊരു പാര്‍ട്ടിയും ചൂണ്ടിക്കാണിക്കാന്‍ നേതൃത്വവുമുണ്ടായിരുന്നു അന്നും ഇന്നും എന്നും.
അതത് കാലത്തെ രാഷ്ട്രീയസാഹചര്യങ്ങളാല്‍ നിലപാടെടുത്ത ആദ്യത്തെയും അവസാനത്തെയും ആളല്ലല്ലോ പി.എം.എ സലാം എന്നത്. പലരും പലതവണ പാര്‍ട്ടി മാറിയിട്ടുണ്ട്. വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് അധികാരത്തിന് വേണ്ടി മറുകണ്ടം ചാടിയവരുടെ കൂട്ടത്തിലേതായാലും എന്നെ തിരയേണ്ട. സേട്ട് സാഹിബിന്റെ കുടുംബത്തോടും സഹപ്രവര്‍ത്തകരോടുമൊപ്പം എം.എല്‍.എ ആയിരിക്കെ മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിയത് കാര്യകാരണസഹിതം തന്നെയാണ്.
ഇണങ്ങിയും പിണങ്ങിയും നിന്നപ്പോഴെല്ലാം ഞാന്‍ പിന്‍പറ്റിയത് മുസ്‌ലിം ലീഗിന്റെ പൂര്‍വസൂരികളായ മഹത്തുക്കളെയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും നിലകൊള്ളുന്നത് ശരിയുടെ പക്ഷത്താണ്. കുരുക്കുകള്‍ മുറുക്കാന്‍ കാത്തിരിക്കുന്നവര്‍ നിരാശരാകും.
Post Your Comments