കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഐപി താന്‍ അല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു.
‘മൂന്ന് കൊല്ലം മുമ്പാണ് ദിലീപിന്റെ വീട്ടില്‍ പോയത്. ഒരു ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് പോയത്. ദേ പുട്ടിന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. ദിലീപിന്റെ സഹോദരനേയോ അളിയനേയോ അറിയില്ല. മന്ത്രിമാരുമായി തനിക്കടുപ്പമില്ല. കുറച്ചുമുമ്പ് മാത്രമാണ് താനാണ് കേസിലെ വി.ഐ.പി എന്ന തരത്തിലുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്’- അദ്ദേഹം പറഞ്ഞു.
അതിനിടെ, കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് വി.ഐ.പിയെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. സാക്ഷി ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. വി.ഐ.പിയെ സംബന്ധിച്ച് വലിയ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ദിലീപിന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ വി.ഐ.പിയും ഉണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയാമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. കോട്ടയത്തുള്ള ഇയാള്‍ക്ക് ഹോട്ടല്‍ വ്യവസായമുള്‍പ്പെടെ നിരവധി ബിസിനസുകളുണ്ട്. സാക്ഷി ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.
അതേസമയം, ശബ്ദസാമ്പിള്‍ പരിശോധിച്ച ശേഷം മാത്രമേ ഇദ്ദേഹമാണെന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം വരികയുള്ളൂ. ശബ്ദസാമ്പിള്‍ പരിശോധന അടക്കം ഉടന്‍ നടത്തുമെന്നാണ് അറിയുന്നത്. ഗൂഢാലോചന നടന്ന ഘട്ടത്തില്‍ ഉണ്ടായിരുന്ന ഓഡിയോ റെക്കോര്‍ഡ് ആണ് അന്വേഷണ സംഘത്തിന് ബാലചന്ദ്ര കുമാര്‍ കൈമാറിയത്.
Post Your Comments