കൊച്ചി: നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടന വിളിച്ച് ചേർത്ത പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും വരാത്തവരുടെ കൂട്ടത്തിൽ സംവിധായകൻ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും ഉണ്ടെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. നടിക്ക് വേണ്ടി സംസാരിക്കാൻ ആഷിഖ് അബുവിനേയും റിമയെയും വിളിച്ചെങ്കിലും, അവർ എന്തോ ന്യായം പറഞ്ഞ് ഒഴിയുകയായിരുന്നുവെന്ന് രഞ്ജിത്ത് വെളിപ്പെടുത്തി.
അങ്ങനെയൊരു യോഗം നടത്താന്‍ മമ്മൂട്ടിയോടും ഇന്നസെന്റിനോടും ആവശ്യപ്പെട്ടത് താനായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓരോരുത്തരെയും ക്ഷണിച്ചതും താനും രഞ്ജി പണിക്കരും ചേർന്നായിരുന്നുവെന്നും രഞ്ജിത്ത് വ്യക്തമാക്കി. മീഡിയവൺ എഡിറ്റോറിയലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെന്‍റിനോടും പബ്ലിക്കിന്‍റെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താല്‍ പോരേ എന്നാണ്. പ്രസ് റിലീസൊക്കെ കീറി എറിഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടിലേക്ക് ഞാനും രഞ്ജി പണിക്കരും ചേര്‍ന്ന് വിളിച്ചുവരുത്തിയതാണ് എല്ലാവരേയും. അതിനകത്ത് മറ്റൊരു നടിയായ പെണ്‍കുട്ടി പറഞ്ഞു’, രഞ്ജിത്ത് വ്യക്തമാക്കി.
Post Your Comments