ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇത്തവണ താന്‍ മല്‍സരിക്കില്ലെന്നാണ് യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തെ അയോധ്യയില്‍ മല്‍സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ബിജെപി ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ആദിത്യനാഥിനെ കൂടാതെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആദിത്യനാഥിനെ മല്‍സരിപ്പിക്കുന്നതു സംബന്ധിച്ച് ഉന്നത നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, അമിത് ഷാ, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ ഉള്‍പ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഉടന്‍ യോഗം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ കേന്ദ്രമായ ഗോരഖ്പൂരിലെ മഥുര, അല്ലെങ്കില്‍ ബിജെപി ഏറ്റവും കടുത്ത പോരാട്ടം നേരിടുന്ന പടിഞ്ഞാറന്‍ യുപിയിലെ ഒരു മണ്ഡലം ഉള്‍പ്പെടെ നിരവധി സീറ്റുകള്‍ ആദിത്യനാഥിന്റെ കാര്യത്തില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അയോധ്യയില്‍ താല്‍പ്പര്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Post Your Comments