KeralaLatest News

ജീവന് വേണ്ടി നീന്തി കരപറ്റാൻ ശ്രമിക്കുന്നവനെ പോലും കല്ലെറിഞ്ഞു മുക്കി കൊല്ലുന്ന നികൃഷ്ടന്മാർ ആണ് എസ്എഫ്ഐക്കാർ: ശങ്കു

'മരിച്ചത് ആർ.എസ്.എസുകാരായ കുട്ടികളല്ലേ? അതിന് ഓനെന്തിനാ ഇത്ര വിഷമം?' എന്നായിരുന്നു നായനാരുടെ കുപ്രസിദ്ധമായ പ്രതികരണം

മലപ്പുറം: എസ്എഫ്‌ഐക്കാർ കൊല്ലപ്പെട്ടിട്ടേയുള്ളു ആരെയും ഉപദ്രവിക്കാത്ത പഞ്ച പാവങ്ങളാണെന്ന തരത്തിലുള്ള സൈബർ സഖാക്കളുടെ തള്ളിനെതിരെ തെളിവുകൾ നിരത്തി ശങ്കു ടി ദാസിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘ഇനിയെന്താണ് ഞാൻ പറയേണ്ടത്?’
അങ്ങനെയാണ് അനുവിന്റെ അച്ഛൻ ഇന്ത്യൻ എക്സ്പ്രസ് ലേഖകനോട് പൊട്ടികരഞ്ഞു കൊണ്ട് ചോദിച്ചത്.
പ്രമാദമായ ജെസ്സിക്കാ ലാലിന്റെയും പ്രിയദർശിനി മാട്ടുവിന്റേയും മർഡർ/ റേപ്പ് മർഡർ കേസുകളിൽ പ്രതികളെ മുഴുവൻ വിട്ടയച്ചു കൊണ്ടുള്ള വിധികൾ വന്നതിനെ തുടർന്ന് രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ അലയടിച്ച 2006ലായിരുന്നു അത്.
അതേ വർഷമായിരുന്നു കേരളത്തിന്റെ പൊതു മനഃസാക്ഷിയെ ഞെട്ടിച്ച പരുമല കേസിലും മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കീഴ് കോടതി ഉത്തരവിനെ ഹൈക്കോടതി ശരി വെച്ചത്.

ഇനിയെന്ത് ചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞു നിസ്സഹായനായി തളർന്നിരുന്ന അനുവിന്റെ അച്ഛന്റെ കയ്യിൽ കേസിലെ പ്രതികളെ വിട്ടയക്കാൻ കൽപ്പിച്ച സെഷൻസ് കോടതി ഉത്തരവിന്റെ പകർപ്പുണ്ടായിരുന്നു.
അതിൽ നിന്നദ്ദേഹം തന്നെ കാണാനെത്തിയ പത്രക്കാരന് വായിച്ചു കേൾപ്പിച്ചു കൊടുത്ത ഭാഗത്തിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്.
‘കൊല ചെയ്യപ്പെട്ട കുട്ടികളുടെ മാതാ പിതാക്കൾക്കൊപ്പം നിസ്സഹായതയോടെ കണ്ണീർ പൊഴിക്കാനും, അവരുടെ കുടുംബങ്ങളോട് വേദനയോടെ അനുശോചനം രേഖപ്പെടുത്താനുമല്ലാതെ മറ്റൊന്നും ഒരു സെഷൻസ് കോടതിക്കും ഈ കേസിൽ സാധിക്കുകയില്ല. എന്നാൽ പോലീസ് ഒരു കാര്യം വിസ്മരിക്കരുത്. നിങ്ങൾ നിയമത്തിന്റെ സംരക്ഷകരാണ്, രാഷ്ട്രീയക്കാരുടെയല്ല.’

എസ്.എഫ്.ഐയുടെ ഇളകാത്ത കോട്ടയായ പരുമല ദേവസ്വം ബോർഡ് കോളേജിൽ 1995ൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ഏ.ബി.വി.പിക്ക് വേണ്ടി മത്സരിച്ച പി.എസ്. അനു ആർട്സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു സംഭവങ്ങളുടെ തുടക്കം.
ജനാധിപത്യത്തെ പറ്റി വല്ലാതെ പ്രസംഗിക്കുന്ന എസ്.എഫ്.ഐക്കാർക്ക് പക്ഷെ ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പിൽ മറ്റൊരു സംഘടനയിലെ അംഗം വിജയിച്ചതിനെ ഒട്ടും അംഗീകരിക്കാൻ സാധിച്ചില്ല.
അന്ന് മുതൽ പരുമല ഡി.ബി കോളേജ് സംഘർഷ ഭൂമിയായി.
അനുവും സുഹൃത്തുക്കളും നിരന്തരമായും നിർദ്ദയമായും ആക്രമിക്കപ്പെട്ടു കൊണ്ടേയിരുന്നു.

പേടിച്ചു പിന്തിരിയാൻ കൂട്ടാക്കാത്ത അനു തൊട്ടടുത്ത വർഷവും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു.
അന്ന് അവന്റെ മരണ വാറന്റിൽ എസ്.എഫ്.ഐ ഒപ്പിട്ടു.
1996 സെപ്റ്റംബർ 17നാണ് അനു, സുജിത്, കിം കരുണാകരൻ എന്നീ മൂന്ന് വിദ്യാർത്ഥികൾ ക്രൂരമായി കൊല ചെയ്യപെട്ടത്.
ഡിഗ്രി വിദ്യാർത്ഥിയായ അനുവിനപ്പോൾ 20 വയസ്സും പ്രീ ഡിഗ്രിക്കാരായ സുജിത്തിനും കിമ്മിനും അപ്പോൾ 17 വയസ്സുമായിരുന്നു പ്രായം.
മരത്തടി, ഇരുമ്പ് ദണ്ഡ്, സൈക്കിൾ ചെയിൻ, വടിവാൾ എന്നിങ്ങനെയുള്ള ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ അക്രമികൾ കോളേജിലെ ഏ.ബി.വി.പി ക്കാരായ കുട്ടികളെ മുഴുവൻ തിരഞ്ഞു പിടിച്ച് മർദ്ദിക്കുകയായിരുന്നു.

‘ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചെത്തിയ സംഘം കൊല്ലപ്പെട്ട മൂവരെയും അടിച്ചു വീഴ്ത്തുകയും നിലത്തിട്ടു ചവിട്ടുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു’ എന്ന പോലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
പ്രാണ രക്ഷാർത്ഥം ഓടി രക്ഷപെടാൻ ശ്രമിച്ച ഒമ്പത് വിദ്യാർഥികൾ കോളേജിന് തൊട്ടടുത്തുള്ള പമ്പാ നദിയിലേക്ക് എടുത്ത് ചാടി.
നീന്തി മറുകര പറ്റാനായിരുന്നു അവരുടെ ശ്രമം.
എന്നാൽ ഒരു കാരണവശാലും അവരെ ജീവനോടെ വിടാൻ കണ്ണിൽ ചോരയില്ലാത്ത കമ്മ്യൂണിസ്റ്റുകാർ തയ്യാറായില്ല.
നദിയുടെ കരയിൽ നിന്നും പാലത്തിനും മുകളിൽ നിന്നും അവർ കല്ലുകളും കട്ടകളും എടുത്ത് നീന്തുന്നവരെ എറിഞ്ഞു.
നീന്തി കയറാൻ അനുവദിക്കാതെ അവരെ മുക്കി കൊന്നു.
വിഷയത്തിൽ കേരള സംസ്ഥാന നിയമസഭയിൽ അടിയന്തിര പ്രമേയം ഉന്നയിച്ച് ടി.എം. ജേക്കബ് പറഞ്ഞ കാര്യങ്ങൾ ഇപ്പോളും സഭാ രേഖകളിൽ കാണാം.

‘ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിൽ ഒന്ന് കാണാതായ കുട്ടികളിൽ ഒരാളായ അനു പി.എസ് ആറ്റിനക്കരെ നീന്തിയെത്തി ഒരു പരുത്തി ചെടിയിൽ പിടിച്ച് കര കേറാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ അവർ എറിഞ്ഞ ഒരു കല്ല് തലയിൽ കൊണ്ട് വീണ്ടും ആറ്റിലേക്ക് വീണു പോയതാണ്. ആറു പേരാണ് ആറ്റിലേക്ക് ചാടിയത് എന്നിവിടെ പ്രസ്താവിച്ചത് ശരിയല്ല. ഒമ്പതോളം പേർ ജീവൻ ഭയന്ന് ആറ്റിലേക്ക് ചാടിയിട്ടുണ്ട്. അവർ നീന്തി അക്കരെയെത്തിയപ്പോൾ അവിടെ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകൾ തുണികൾ എറിഞ്ഞു കൊടുത്ത് അവരെ കര കയറാൻ ശ്രമിക്കുകയായിരുന്നു. മൂന്നാല് പേരെ ഇത്തരത്തിൽ അവർ രക്ഷിച്ചു. എന്നാൽ ഈ സ്ത്രീകളെയും ഇക്കരെ നിന്ന കാപാലികന്മാർ കല്ലെറിഞ്ഞു വിരട്ടി ഓടിക്കുകയായിരുന്നു.’

‘രാവിലെ തന്നെ കോളേജിൽ പോലീസ് എത്തിയെങ്കിലും അക്രമം തടയാൻ ഒരു നടപടിയും അവർ സ്വീകരിച്ചില്ല. നിഷ്ക്രിയരായി സംഭവം കണ്ടു നിൽക്കുകയായിരുന്നു. മൂന്ന് കുട്ടികൾ വെള്ളത്തിൽ താണ് പോവുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞിട്ടും വെള്ളത്തിലിറങ്ങി തിരച്ചിൽ നടത്താൻ ഫയർ ഫോഴ്സ് സംഘവും തയ്യാറായില്ല. ഒടുവിൽ സുലൈമാൻ റാവുത്തർ എന്നൊരു ഫയർമാൻ ഒറ്റക്ക് ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ഇദ്ദേഹവും ജനങ്ങളും കൂടി തിരച്ചിൽ നടത്തിയാണ് കിം കരുണാകരന്റെ ജഡം കണ്ടെടുത്തത്.’

അടിയന്തിര പ്രമേയം അവതരിപ്പിച്ചു കൊണ്ടുള്ള ടി.എം ജേക്കബിന്റെ ഈ പ്രസംഗത്തിന് മറുപടിയായി മുഖ്യമന്ത്രി ഇ.കെ. നായനാർ പറഞ്ഞതും സഭാ രേഖകളിൽ കാണേണ്ടതാണ്.
‘മരിച്ചത് ആർ.എസ്.എസുകാരായ കുട്ടികളല്ലേ? അതിന് ഓനെന്തിനാ ഇത്ര വിഷമം?’ എന്നായിരുന്നു നായനാരുടെ കുപ്രസിദ്ധമായ പ്രതികരണം.
ആർ.എസ്.എസുകാരായ കുട്ടികൾ മരിച്ചാൽ അതിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് അന്വേഷണത്തിലും കണ്ടത്.
കൊലപാതകികൾ എല്ലാം പാർട്ടിക്ക് വേണ്ടപ്പെട്ടവർ കൂടിയായപ്പോൾ ആ നിലപാട് അപ്രതീക്ഷിതവും ആയിരുന്നില്ല.

ഒരു പ്രതി പോലും ശിക്ഷിക്കപ്പെടരുത് എന്ന വാശിയോടെ സർക്കാർ മനഃപൂർവ്വം തോറ്റു കൊടുത്ത കേസ് ആണതെന്ന് വിധി ന്യായത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ തന്നെ ആർക്കും ബോധ്യപ്പെടും.
‘ഈ കേസിലെ പ്രോസിക്ക്യൂഷൻ തെളിവുകൾ മായ്ച്ചു കളയുകയും യഥാർത്ഥ സംഗതികൾ മറച്ചു പിടിക്കുകയും ആണ് ചെയ്തിരുന്നത്. സത്യമെന്തെന്ന് ഒരിക്കലും തെളിയരുതെന്ന ഉദ്ദേശത്തോടെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ മണിക്കൂറുകൾ വെച്ച് മാറ്റി കൊണ്ടിരിക്കുകയും, യഥാർത്ഥ എഫ്.ഐ.ആറിലെ പ്രതികളെ മുഴുവൻ മാറ്റി പിന്നീട് പുതിയ പ്രതികളെ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ എങ്ങനെ സംഭവ സമയത്ത് കോളേജിൽ എത്തി എന്നതിലേക്ക് പോലും അന്വേഷണം ഉണ്ടായിട്ടില്ല.

ആദ്യം മുതൽക്കേ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുള്ള കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നെങ്കിൽ യഥാർത്ഥ പ്രതികളെ ശിക്ഷിക്കാൻ സാധിക്കുമായിരുന്നു.’
വിചാരണ കോടതി വിധിയിൽ പറയുന്നതാണിത്.
2000 ജൂൺ 28ന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി അങ്ങനെ തെളിവുകളുടെ അഭാവത്തിൽ സംഭവത്തിലെ 14 പ്രതികളേയും വിട്ടയച്ചു.
ആറു വർഷം നീണ്ട അപ്പീൽ തീർപ്പാക്കി ഹൈക്കോടതി ആ വിധിയെ ശരിവെയ്ക്കുകയും ചെയ്തു.
കേസിലെ പ്രതികളൊക്കെ ഇപ്പോൾ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ മാന്യരായി കഴിയുകയാവും.
മാനവികതയുടെയും ജനാധിപത്യത്തിന്റെയും ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പ്രസക്തിയെ പറ്റി അവർ ഘോര ഘോരം പ്രസംഗിക്കുന്നുണ്ടാവും.

സംഘ പരിവാർ ഭീകരതയെ പറ്റി ഇടയ്ക്കിടെ വല്ലാതെ വേവലാതിപ്പെടുന്നുണ്ടാവും.
പെരുമാൾ മുരുഗന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയും, അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരെയും, ഗൗരി ലങ്കേഷിനെയും കൽബുർഗിയെയും കൊന്ന അസഹിഷ്ണുതയ്ക്കെതിരെയും നീണ്ടു നിവർന്ന ഫേസ്ബുക്ക് പോസ്റ്റുകൾ എഴുതുന്നുണ്ടാവും.
കിമ്മിൻറെയും അനുവിന്റെയും സുജിത്തിന്റെയും കുടുംബം ഇപ്പോൾ എന്തു ചെയ്യുകയാവും എന്നറിയില്ല.
കിം കരുണാകരനും അനുവും അവരുടെ മാതാപിതാക്കളുടെ ഒറ്റ മക്കളായിരുന്നു എന്നറിയാം.
പിന്നെ അറിയുന്നത് ഇത്രയുമാണ്.

ബംഗാളിലെ സൈൻബാരിയിൽ രണ്ടു സഹോദരങ്ങളെ കൊന്ന ശേഷം അവരുടെ ചോര ചോറിൽ കുഴച്ച് ആ ചോര ചോറ് അവരുടെ അമ്മയുടെ വായിൽ കുത്തി നിറച്ചവർ..
വിദ്യാർത്ഥികളുടെ മുന്നിലിട്ട് അധ്യാപകനെ തുണ്ടം തുണ്ടമായി കൊത്തി അരിഞ്ഞവർ..
മനുഷ്യനെ കൊന്നതിന്റെ ആഹ്ലാദം പങ്കിടാൻ ബാൻഡ് മേളം സംഘടിപ്പിക്കുകയും,
ചരമദിനത്തിൽ പരേതന്റെ ബലിമണ്ഡപത്തിൽ നായ്ക്കളെ കൊന്നു കെട്ടിതൂക്കുകയും,
എന്നിട്ടും മതിയാവാതെ കൊല്ലപ്പെട്ടവനെ പറ്റി കേട്ടാലറയ്ക്കുന്ന അപവാദങ്ങൾ പാടി നടക്കുകയും ചെയ്യുന്നവർ..

അവർ മാനായും മയിലായും മാരീചനായും, മാനവികത പുലമ്പുന്ന മാർക്സിസ്റ്റ് ആയും, ആശയത്തെ ആശയം കൊണ്ടെതിർക്കാൻ പറയുന്ന ജനാധിപത്യവാദിയായും ഒക്കെ എങ്ങനെ വേഷം കെട്ടി അവതരിച്ചാലും തനി നിറത്തിൽ അവർ ക്രൂരന്മാരായ കൊലപാതകികൾ മാത്രമാണ്.
ജീവന് വേണ്ടി നീന്തി കരപറ്റാൻ ശ്രമിക്കുന്നവനെ പോലും കല്ലെറിഞ്ഞു മുക്കി കൊല്ലുന്ന നികൃഷ്ടന്മാർ.
(2017 സെപ്റ്റംബർ 17ന് ‘വിചാരം’ വെബ് മാഗസിനിൽ എഴുതിയ ലേഖനം.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരൊറ്റ കൊലപാതകം പോലും SFI യുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നും, കൊല്ലപ്പെട്ടതിന്റെ ചരിത്രമേ അവർക്കുള്ളൂ, കൊന്നതിന്റെ ചരിത്രമില്ല എന്നുമൊക്കെ സി.പി.ഐ.എമ്മിന്റെ സൈബർ വിഭാഗം നിർലജ്ജമായി പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ പുനഃ പ്രസിദ്ധീകരിക്കുന്നത്.)

shortlink

Related Articles

Post Your Comments

Related Articles


Back to top button