ചെങ്ങന്നൂർ: സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ 360 കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. പാണ്ടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഫാമിലെ കോഴികളെയാണ് കൊന്നത്.
രണ്ടര കിലോ തൂക്കമുള്ള കോഴികളെയാണ് അജ്ഞാതജീവി കൊന്നത്. സുരക്ഷാ നെറ്റടിച്ച വേലിയടക്കം പൊളിച്ചാണ് അജ്ഞാതജീവി അകത്തു കടന്നതെന്ന് ജീവനക്കാരനായ ജോജി പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണമാണെന്നാണ് വെറ്ററിനറി വകുപ്പിന്റെ സംശയം.
Read Also : ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത
ഏകദേശം 40,000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് സമാന ആക്രമണം ഉണ്ടായിരുന്നു. തുടർന്ന് കൂട് ബലപ്പെടുത്തിയിരുന്നു. പാടശേഖരത്തിനു സമീപമാണ് ഫാം സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം കറവയുള്ള രണ്ടു പശുക്കളും കെട്ടഴിഞ്ഞ് പോയതായി ഫാം ഉടമ പറഞ്ഞു. അജ്ഞാതജീവിയുടെ ആക്രമണം ഭയന്ന് പശു കയർ പൊട്ടിച്ച് പോയതാവാമെന്ന് കരുതുന്നു.
ഫാം ഉടമ മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments