പാലക്കാട് : ഇടുക്കി എൻജിനീയറിങ്ങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. സംഭവത്തില്‍ എന്താണ് നടന്നതെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. പോലീസും സംഭവസ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഷാഫി പറഞ്ഞു.
രാഷ്ട്രീയത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ മറ്റ് എന്തിന്റെയെങ്കിലും പേരിലോ ആരെങ്കിലും കൊല്ലപ്പെടുന്നതിനെ പിന്തുണക്കാനോ ന്യായീകരിക്കാനോ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല. കൊലപാതകത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന സംഘടനകളുടെ പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസ് വരാന്‍ ആഗ്രഹിക്കുന്നില്ല. അക്കാര്യം വ്യക്തതയോടെ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.അതേസമയം, ഇത് കോണ്‍ഗ്രസിന്റെ ആസൂത്രിത കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനും അതിന്റെ പേരില്‍ കേരളമൊട്ടാകെ നടക്കുന്ന ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കാനും ഞങ്ങൾക്ക് കഴിയില്ലെന്നും ഷാഫി പറഞ്ഞു.
Read Also : രാത്രി വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു : സംഘത്തിലെ ഒരാൾ അറസ്റ്റിൽ
ആസൂത്രിത കൊലപാതകം സംബന്ധിച്ച് റഹീം, കോടിയേരി എന്നിവർ കോണ്‍ഗ്രസിന് ക്ലാസെടുക്കരുത്. ആസൂത്രിത കൊലപാതകങ്ങള്‍ എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തവരാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും. ടിപി വധം ഇതിന്റെ ഉദാഹരണമാണ്. ശരത് ലാലും കൃപേഷുമടക്കം ഇതിന്റെ ഇരകളാണ്. ആസൂത്രിത കൊലാപതകത്തിന്റെ ഗോഡ്ഫാദര്‍മാരാണ് ഇവരെന്നും ഷാഫി കുറ്റപ്പെടുത്തി.
Post Your Comments