കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ആരംഭിച്ചു. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. തന്നോട് സ്ത്രീധനം ചോദിച്ചത് കിരണിന്റെ പിതാവാണെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ വിസ്താരത്തിനിടെ കോടതിയിൽ മൊഴി നൽകി. ഉത്രാക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹന്‍ രാജ് തന്നെയാണ് വിസ്മയ കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
വിവാഹം ഉറപ്പിച്ച സമയത്ത് തന്നെ കിരൺ സ്ത്രീധനം ചോദിച്ചുവെന്നും, പിന്നീട് വിവാഹത്തിന് ശേഷം ഇതിനെ ചൊല്ലി കിരൺ വിസ്മയയെ മർദ്ദിക്കുമായിരുന്നു എന്നും ത്രിവിക്രമൻ പറഞ്ഞു. വിവാഹം ഉറപ്പിക്കുന്ന സമയം, മകൾക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചുവെന്നും 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു താൻ പറഞ്ഞുവെന്നും ഇയാൾ മൊഴി നൽകി.
Also Read:എസ്.എസ്.കെയില്‍ സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം
‘101 പവൻ നൽകാമെന്ന് പറഞ്ഞെങ്കിലും കോവിഡ് കാലമായതിനാൽ 80 പവൻ നാൽകാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞു. ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരൺ തന്നെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കിരണിന്റെ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയിൽ കേൾപ്പിച്ചു. ഓണക്കാലത്ത് യാത്രയ്ക്കിടെ കിരൺ മർദിച്ചപ്പോൾ ചിറ്റുമലയിൽ ഒരു വീട്ടിൽ വിസ്മയ അഭയം തേടി.
ഞങ്ങളുടെ വീട്ടിൽ വെച്ച് കിരൺ വിസ്മയയുടെ സഹോദരനെയും ആക്രമിച്ചു. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’ എന്നു പറഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്തേക്കെറിഞ്ഞ് അവൻ ഇറങ്ങിപ്പോയി. വിവാഹബന്ധം വേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് വിസ്മയ കിരണിനൊപ്പം ഇറങ്ങിപ്പോയത്’, ത്രിവിക്രമൻ മൊഴി നൽകി.
Also Read:ചുരുളിയില്‍ തെറിവിളിയുണ്ടോ: ചുരുളി കാണാന്‍ പ്രത്യേക പൊലീസ് സംഘം
അതേസമയം, വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനും കേസിലെ ഏക പ്രതിയുമായ കിരണ്‍കുമാറിനെതിരെ സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദന്, വിസ്മയയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാല്പതിലധികം സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിസ്മയ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments