KeralaNattuvarthaLatest NewsNewsIndiaInternational

ചൈനയെപ്പോലെയും ജപ്പാനെപ്പോലെയും നമുക്കും വളരണ്ടേ? അതിന് കെ റയിൽ തന്നെ ശരണമെന്ന് തോമസ് ഐസക്

കെ റെയിൽ ഇടതുപക്ഷത്തിന്റെ വെറും വാചകമടിയല്ല, സാമ്പത്തികമായി വൻ കുതിച്ചുചാട്ടത്തിനുള്ള പരിപാടിയാണ്: തോമസ് ഐസക്

തിരുവനന്തപുരം: കെ റയിൽ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. കെ റെയിൽ ഇടതുപക്ഷത്തിന്റെ വെറും വാചകമടിയല്ലെന്നും സാമ്പത്തികമായി വൻ കുതിച്ചുചാട്ടത്തിനുള്ള പരിപാടിയാണെന്നും തോമസ് ഐസക് പറഞ്ഞു. യുദ്ധത്തിൽ തകർന്ന ജപ്പാന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ചൂളംവിളിയായിരുന്നു അവിടുത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനെന്നും, കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ചൈന സാമ്പത്തിക മത്സരശേഷിയിൽ ലോകത്തെ മറ്റുരാജ്യങ്ങളെയൊക്കെ വെല്ലുവിളിക്കുന്നതിനു കാരണം റോഡ്, റെയിൽ, വൈദ്യുതി, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ നടത്തിയിടുള്ള ഭീമമായ മുതൽമുടക്കാണെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Also Read:സഖാക്കൾ ചുംബന സമരവും ആർത്തവ കവാടങ്ങളും പണിത് ഇപ്പോൾ കപ്പിൾ ഷെയറിംഗിൽ എത്തി നിൽക്കുന്നു: ലസിത പാലയ്ക്കൽ

‘ആധുനിക പശ്ചാത്തലസൗകര്യങ്ങൾ ഒരു പതിറ്റാണ്ടുകൊണ്ട് ഉറപ്പുവരുത്തി സാമ്പത്തിക വളർച്ചയിൽ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനുള്ള പരിപാടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവയ്ക്കുന്നത്. ഇതു വെറും വാചകമടിയല്ല. പ്രായോഗീകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കർമ്മപരിപാടിയാണെന്നു കിഫ്ബി തെളിയിച്ചു കഴിഞ്ഞു. അന്യാദൃശ്യമായ കിഫ്ബി നിർമ്മാണ പ്രവൃത്തികൾക്കുവേണ്ടി ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷിതത്വത്തിലും ഒരു കുറവും വരുത്തിയിട്ടില്ല. വിജ്ഞാനം, സേവനം, വൈദഗ്ധ്യം, മൂല്യവർദ്ധന എന്നിവയിൽ അടിസ്ഥാനമാക്കിയുള്ള വ്യവസായ വളർച്ച പാരിസ്ഥിതികസൗഹൃദമായിരിക്കും. ഇത്തരമൊരു പരിപാടിക്കാണ് കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്’, തോമസ് ഐസക് കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

യുഡിഎഫിനു കെ-റെയിലിൽ വിശ്വാസമില്ല. അതു കമ്മീഷൻ അടിക്കാനുള്ള ഏർപ്പാടാണെന്ന കെപിസിസി പ്രസിഡന്റിന്റെ ഖണ്ഡിതമായ അഭിപ്രായം. 2011-ലെ മാനിഫെസ്റ്റോയിൽ ഇങ്ങനെ എഴുതി ചേർത്തത് കമ്മീഷൻ ലക്ഷ്യം വച്ചുകൊണ്ടായിരുന്നോയെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്.

3.14 തിരുവനന്തപുരം – മംഗലാപുരം അതിവേഗ റെയിൽവേ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കും. അതുപോലെ തന്നെ 3.20 തെക്ക്-വടക്ക് ഹൈസ്പീഡ് ട്രാൻസ്പോർട്ട് കോറിഡോർ നിർമ്മിക്കുന്നതിനു വ്യക്തമായ പ്രോജക്ട് തയ്യാറാക്കുകയും പൊതുജനങ്ങളുമായി ആശയസമ്പർക്കം നടത്തി ബി.ഒ.റ്റി പ്രകാരമോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഉമ്മൻചാണ്ടി തെക്ക്-വടക്ക് അതിവേഗ റെയിൽപ്പാതയ്ക്ക് ഡിഎംആർസി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് അംഗീകാരവും നൽകി. പക്ഷെ ഒന്നും പിന്നീട് നടന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ സബർബൻ ട്രെയിനിലേയ്ക്കായി. നിലവിലുള്ള ബ്രോഡ് ഗേജ് മെച്ചപ്പെടുത്തി തിരുവനന്തപുരം – കോഴിക്കോട് നഗരങ്ങളിലേയ്ക്ക് സബർബൻ ട്രെയിനുകൾ ഓടിക്കാനായിരുന്നു പരിപാടി. പക്ഷെ ഇന്ത്യൻ റെയിൽവേ നമ്മുടെ സബർബൻ റെയിൽ പദ്ധതി തള്ളിക്കളഞ്ഞു. 07-12-2017-ൽ റെയിൽവേ കേരള സർക്കാരിനെ ഔപചാരകമായി അറിയിച്ചു. കേരളം വേണമെങ്കിൽ സ്വതന്ത്രമായ ട്രാക്ക് ഇടണം. ഇതാണ് റെയിൽവേയുടെ നിലപാട്. ഇങ്ങനെ റെയിൽവേ തള്ളിക്കളഞ്ഞ സബർബൻ ട്രെയിനാണ് കേരളത്തിന് അനുയോജ്യമെന്ന് ഇന്നും ഉമ്മൻചാണ്ടി വാദിക്കുന്നത്.

2016-ൽ ഹൈസ്പീഡ് ട്രെയിനിനു പകരം 2030-ഓടെ എട്ടുവരി തെക്ക് – വടക്ക് എക്സ്പ്രസ്സ് ഹൈവേ” നിർമ്മിക്കുമെന്നായി വാഗ്ദാനം. ഈ എക്സ്പ്രസ്സ് ഹൈവേ നഗരങ്ങളിലും മറ്റും എലവേറ്റഡ് പാതയായിട്ടായിരിക്കും നിർമ്മിക്കുകയെന്നും മാനിഫെസ്റ്റോ വ്യക്തമാക്കുന്നുണ്ട്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് എം.കെ. മുനീർ കൊണ്ടുവന്ന എക്സ്പ്രസ്സ് ഹൈവേ അങ്ങനെ വീണ്ടും യുഡിഎഫിന്റെ നയമായി. 2021-ലെ മാനിഫെസ്റ്റോയിൽ 8 വരി 6 വരിയായി കുറച്ചിട്ടുണ്ട്.

8 വരി ആയാലും 6 വരി ആയാലും ഇതിനുള്ള പണം എത്ര വരും? അത് എങ്ങനെ കണ്ടെത്തും? ഇപ്പോൾ ദേശീയപാത വീതി കൂട്ടുന്നതിന് 15-20 മീറ്റർ ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിന് 25000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. പുതിയൊരു 8 വരി എക്സ്പ്രസ്സ് ഹൈവേയ്ക്ക് കെ-റെയിലിനേക്കാൾ ചെലവു വരും. ഇത്രയും പണം എങ്ങനെ കണ്ടെത്താമെന്നാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്? ഈ നിർമ്മാണത്തിന്റെ പാരിസ്ഥിതിക, സാമൂഹ്യ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും?

ഇതൊന്നും ചിന്തിച്ചുപോലും കാണില്ല. ബജറ്റിൽ നിന്നും ഇതിനുള്ള പണം കണ്ടെത്താനാവില്ലല്ലോ. കിഫ്ബിപോലുള്ള സംവിധാനത്തോട് യുഡിഎഫിന് കഠിനമായി എതിർപ്പുമാണ്. റെയിൽ ആവട്ടെ, റോഡ് ആവട്ടെ കേരളത്തിലെ യാത്രാ സംവിധാനത്തെ നവീകരിക്കുന്നതിന് യുഡിഎഫിന് തനതായ ഒരു പരിപാടി ഇല്ല. ദേശീയപാത വികസനം ഭൂമി ഏറ്റെടുത്തുകൊടുക്കാൻ കഴിയാതെ യുഡിഎഫ് കാലത്ത് ഉപേക്ഷിച്ചതാണ്. ഇന്ന് കെ-റെയിലിനെരായ സമരത്തിൽ യുഡിഎഫിനോടൊപ്പം അണിചേർന്നിരിക്കുന്ന ജമാ-അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ളവർ ദേശീയപാത വികസിപ്പിക്കാൻ 30 മീറ്റർ വീതിയിൽ ഭൂമി മതിയെന്ന പക്ഷക്കാരാണ്.

പിന്നെയുള്ളത് റെയിൽവേയുടെ വികസനമാണ്. റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കുകയും, സിഗ്നലിംഗ് ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്യുകയാണ്. കോൺഗ്രസ് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിച്ചിരുന്ന കാലത്തുപോലും കേരളത്തിന്റെ റെയിൽവേ വികസനത്തിൽ ഒരുചുക്കും ഉണ്ടായില്ല. അപ്പോഴാണ് ബിജെപി കേന്ദ്രസർക്കാരിനെക്കൊണ്ട് ദ്രുദഗതിയിൽ റെയിൽ നവീകരണംം ഉറപ്പുവരുത്താൻ ഇറങ്ങുന്നത്.

ചുരുക്കത്തിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇന്നുള്ള റോഡും റെയിലുമെല്ലാം വച്ച് തട്ടുമുട്ടി മുന്നോട്ടു പോയാൽ മതിയെന്നാണ് ചിന്താഗതി. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ധീരവും വലുതുമായ ഒരു കാഴ്ച്ചപ്പാടിനു രൂപം നൽകാൻ പോലുമുള്ള പ്രാപ്തി ഇല്ലാത്ത രാഷ്ട്രീയ സംവിധാനമായി യുഡിഎഫ് അധപതിച്ചിരിക്കുന്നു.

യുദ്ധത്തിൽ തകർന്ന ജപ്പാന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ചൂളംവിളിയായിരുന്നു അവിടുത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ചൈന സാമ്പത്തിക മത്സരശേഷിയിൽ ലോകത്തെ മറ്റുരാജ്യങ്ങളെയൊക്കെ വെല്ലുവിളിക്കുകയാണല്ലോ. ഇതിന്റെ പിന്നിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് റോഡ്, റെയിൽ, വൈദ്യുതി, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ നടത്തിയിടുള്ള ഭീമമായ മുതൽമുടക്കാണ്.

ആധുനിക പശ്ചാത്തലസൗകര്യങ്ങൾ ഒരു പതിറ്റാണ്ടുകൊണ്ട് ഉറപ്പുവരുത്തി സാമ്പത്തിക വളർച്ചയിൽ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനുള്ള പരിപാടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവയ്ക്കുന്നത്. ഇതു വെറും വാചകമടിയല്ല. പ്രായോഗീകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കർമ്മപരിപാടിയാണെന്നു കിഫ്ബി തെളിയിച്ചു കഴിഞ്ഞു. അന്യാദൃശ്യമായ കിഫ്ബി നിർമ്മാണ പ്രവൃത്തികൾക്കുവേണ്ടി ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷിതത്വത്തിലും ഒരു കുറവും വരുത്തിയിട്ടില്ല. വിജ്ഞാനം, സേവനം, വൈദഗ്ധ്യം, മൂല്യവർദ്ധന എന്നിവയിൽ അടിസ്ഥാനമാക്കിയുള്ള വ്യവസായ വളർച്ച പാരിസ്ഥിതികസൗഹൃദമായിരിക്കും. ഇത്തരമൊരു പരിപാടിക്കാണ് കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button