ചിങ്ങവനം: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട ക്രെയിൻ വളവിൽ റോഡിനു കുറുകെ മറിഞ്ഞ് അപകടം. ഡ്രൈവർ ക്രെയിനിൽ നിന്നു ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11നു ആണ് സംഭവം. ചാന്നാനിക്കാട്-ഇല്ലിമൂട് റോഡിൽ കാരമൂട് റെയിൽവേ മേൽപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
മറിഞ്ഞ ക്രെയിൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ തട്ടി നിന്നു. ഈ സമയം റോഡിൽ ആളുകളും മറ്റു വാഹനങ്ങളും വരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. പൂവൻതുരുത്ത് മേൽപ്പാലം പൊളിച്ചതു മുതൽ അതുവഴി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളും ഇല്ലിമൂട് റോഡ് വഴിയാണ് സഞ്ചരിക്കുന്നത്. അതിനാൽ ഇവിടെ വാഹനത്തിരക്ക് ഏറെയാണ്.
അപകടത്തെത്തുടർന്ന് ഈ റോഡിൽ മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. മറ്റൊരു ക്രെയിൻ കൊണ്ടുവന്ന് അപകടത്തിൽപ്പെട്ട ക്രെയിൻ ഉയർത്തി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Post Your Comments