തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വാചകങ്ങൾ എഴുതിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടത്ത് വച്ചാണ് യു.പി രജിസ്ട്രേഷൻ കാർ സ്വകാര്യ ഹോട്ടലിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. കാറുടമയായ പഞ്ചാബ് സ്വദേശി ഹോട്ടൽ ബഹളമുണ്ടാക്കുകയും തുടർന്ന് വാഹനം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. പ്രതിയായ പഞ്ചാബ് സ്വദേശി ഓംകാറിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകാൻ തയ്യാറായില്ല. പിന്നീട് ഇയാൾ ഹോട്ടലിൽ ബഹളം വയ്ക്കുകയും സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസിൽ വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കടന്നു കളയുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും പരിശോധന നടത്തി. കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജൻസികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments