ചെന്നൈ: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭരത് സുബ്രമണ്യം. ഇറ്റലിയിൽ വച്ചു നടന്ന മത്സരത്തിൽ, പതിനാലുകാരൻ സ്വന്തമാക്കിയത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവി. ഒൻപത് റൗണ്ടുകളിൽ നിന്നായി 6.5 പോയിന്റുകളാണ് ഭരത് സ്വന്തമാക്കിയത്. ഇറ്റലിയിലെ കറ്റോലിക്ക നഗരത്തിൽ വെച്ച് നടന്ന മത്സരത്തിൽ, അവസാന റൗണ്ടിൽ മറ്റ് അഞ്ച് പേരോടൊപ്പമാണ് ഈ മിടുക്കൻ വിജയിച്ചത്. അതിവേഗ കളിക്കാരനായ ഉക്രൈന്റെ അന്റോൺ കൊറോബോവടക്കം മൂന്നു പേരോട് സമനില വഴങ്ങിയെങ്കിലും, ടൈ ബ്രേക്കർ പോയിന്റ് നേടി ഭരത് ജയം ഉറപ്പിച്ചു.
രണ്ടു കളികളിൽ പരാജയം രുചിച്ച ഭരത് ഒരു കളി സമനില പിടിച്ചു. ആറു കളികളിൽ വിജയിച്ചതോടെ, ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ അവനു കഴിഞ്ഞു. ഇന്ത്യയുടെ എഴുപത്തി മൂന്നാമത്തെ ചെസ്സ് ഗ്രാൻഡ് മാസ്റ്ററാണ് ഭരത് സുബ്രഹ്മണ്യം.
ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കാനുള്ള ആദ്യകടമ്പ, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോസ്കോവിൽ വച്ച് നടന്ന മത്സരത്തിൽ ഭരത് മറികടന്നു. ബൾഗേറിയയിൽ വെച്ച് നടന്ന രണ്ടാംഘട്ട മത്സരത്തിലും വിജയിച്ചതോടെയാണ് ഭരതിനു വിജയശതമാനം വർധിച്ചത്. ചെന്നൈ സ്വദേശിയാണ് ഈ കൊച്ചു മിടുക്കൻ.
Post Your Comments