ന്യൂഡല്‍ഹി : ഇന്ത്യന്‍ ചെസ് ചാമ്പ്യന്‍ ശ്രീനാഥ് നാരായണന്‍ ഈ വര്‍ഷം ആദ്യം നേടിയ സ്വര്‍ണ്ണ മെഡലിന് കസ്റ്റംസ് തീരുവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹം സ്വര്‍ണ മെഡല്‍ നേടിയത്. എഫ്‌ഐഡിഇ (ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍) ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്.
ഒരാഴ്ചയിലേറെ മെഡലിനായി കാത്തിരിക്കേണ്ടി വന്നെന്നും കസ്റ്റംസ് തീരുവ അടയ്‌ക്കേണ്ടിയും വന്നെന്നും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ നാരായണന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ” മെഡലുകള്‍ ഇവിടെയുണ്ട്. നന്ദി എഫ്‌ഐഡിഇ. ഇപ്പോള്‍ മെഡല്‍ ടീമിലെ മറ്റുള്ളവര്‍ക്ക് അയയ്ക്കുകയാണ് അവര്‍. ഇത് ലഭിക്കുന്നത് എളുപ്പമല്ല. മൂന്ന് ദിവസത്തിനുള്ളില്‍ മെഡല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തി. പക്ഷേ, ഒരാഴ്ച്ചയിലധികം സമയമെടുത്തു ബാംഗ്ലൂരില്‍ നിന്ന് ഇവിടെ എത്താന്‍. കസ്റ്റംസ് തീരുവ അടയ്‌ക്കേണ്ടി വന്നു. ” – അദ്ദേഹം ട്വീറ്റ് ചെയ്തു.
” 19ഓടെയാണ് മെഡലുകള്‍ അയച്ചത്. ഒരു മെഡല്‍ ചെക്ക് റിപ്പബ്ലിക്കിലേക്ക് കയറ്റി അയച്ചു. ഒന്ന് ഇന്ത്യയിലേക്കും. ഹരി കൃഷ്ണ ചെക്ക് റിപ്പബ്ലിക്കില്‍ ആണ് താമസിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കില്‍ 21ന് മെഡല്‍ എത്തി. ഇന്ത്യയിലേക്ക് അയച്ച മെഡല്‍ ബാംഗ്ലൂരിലെത്തിയത് 22, 23 തീയതികളില്‍. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലെത്താന്‍ ഒരാഴ്ചയിലധികം സമയമെടുത്തു. മാത്രമല്ല, കസ്റ്റംസ് തീരുവ അടയ്ക്കാനുള്ള അറിയിപ്പും ലഭിച്ചു” – ഒരു പ്രമുഖ മാധ്യമത്തോട് ശ്രീനാഥ് പറഞ്ഞു.
ഇന്ത്യന്‍ കായികതാരങ്ങള്‍ നേടിയ ട്രോഫികളും മെഡലുകളും കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് 2017 ജൂണ്‍ 30 ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ചില തെറ്റായ ആശയവിനിമയത്തിന്റെ ഫലമായാണ് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നതെന്നും തുക തനിക്ക് തിരികെ ലഭിക്കുമെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments