ന്യൂഡൽഹി: വാക്‌സിനേഷനിൽ 150 കോടിയെന്ന ചരിത്ര നേട്ടം കൈവരിച്ചത് നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വാക്‌സിനേഷൻ യജ്ഞം വിജയകരമാക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൊറോണ മഹാമാരിയിൽ നിന്നും രാജ്യം മുക്തമായിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായത് ഇവരുടെ പരിശ്രമം മൂലമാണ്. യോഗ്യരായവർ അവരുടെ അവസരം വരുമ്പോൾ വാക്‌സിൻ സ്വീകരിക്കണം. കൊറോണ വൈറസിനെതിരെ എല്ലാവർക്കും ഒരുമിച്ച് പോരാടാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയും പ്രധാനമന്ത്രി വാക്‌സിനേഷനിൽ നേടിയ ചരിത്ര നേട്ടത്തെ പ്രശംസിച്ചു. പശ്ചിമ ബംഗാളിന് ഇതുവരെ 11 കോടി ഡോസ് വാക്‌സിൻ കേന്ദ്രം സൗജന്യമായി നൽകിയിട്ടുണ്ട്. കൂടാതെ വെന്റിലേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും എത്തിച്ചു. നിരവധി ഓക്‌സിജൻ പ്ലാന്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.
Post Your Comments