ന്യൂഡൽഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴ് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തും. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന്. വോട്ടെണ്ണൽ മാർച്ച് 10 നായിരിക്കും നടത്തുക.
ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 ന് നടക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14 ന് നടക്കും. മൂന്നാംഘട്ടം ഫെബ്രുവരി 20 ന്. നാലാം ഘട്ടം ഫെബ്രുവരി 23 ന്. അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും ആറാം ഘട്ടം മാർച്ച് 3 നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച് 7 നായിരിക്കും ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ട വോട്ടെടുപ്പിന് ശേഷം മാർച്ച് 10 ന് വോട്ടെണ്ണൽ നടത്താനാണ് തീരുമാനം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. മണിപ്പൂരിൽ ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ്.
ഇന്ന് വൈകിട്ട് 3.30-ന് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സുരക്ഷിതമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് കമ്മീഷൻ അറിയിച്ചു. ഒമിക്രോൺ വ്യാപനം ശക്തമാവുകയും കൊവിഡ് മൂന്നാം തരംഗത്തിൽ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം പിന്നിടുകയും ചെയ്ത സാഹചര്യത്തിൽ കർശനമായ കോവിഡ് നിബന്ധനകളും നിർദേശങ്ങളും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക എന്നും കമ്മീഷൻ അറിയിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണവും നടത്തേണ്ടതെന്ന് കമ്മീഷൻ അറിയിച്ചു. ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം കമ്മീഷൻ നൽകുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമായി 18 കോടിയിലധികം വോട്ടർമാർ ആണുള്ളത്.
Also Read:ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ
ഉത്തർപ്രദേശിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയാണ് യുപിയിൽ ഭരണകക്ഷിയായ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്. ബിജെപിക്കൊപ്പം തന്നെ അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിൽ എസ്.പിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും രംഗത്തുണ്ട്.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബിജെപി എന്നീ പാർട്ടികളാണ് പഞ്ചാബിലെ പോരാട്ടത്തിൽ മുഖാമുഖം വരുന്നത്. ഇതോടൊപ്പം ക്യാപ്റ്റൻ അമരീന്ദർ സിംഗിൻ്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിൻ്റെ പ്രകടനവും നിർണായകമാവും. പഞ്ചാബിൽ കർഷകർ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയണം. ഗോവയിൽ ഭരണകക്ഷിയായ ബിജെപി അധികാരതുടർച്ചയ്ക്കായി കളത്തിലിറങ്ങുമ്പോൾ മറുവശത്ത് പ്രധാന എതിരാളി ആരെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഉത്തരാഖണ്ഡിൽ ബിജെപിയാണ് നിലവിൽ അധികാരത്തിൽ. മണിപ്പൂരിൽ ബിജെപി അടങ്ങിയ മുന്നണിയാണ് ഭരിക്കുന്നത്. ഏതായാലും വരുന്ന തെരഞ്ഞെടുപ്പ് അഞ്ച് സംസ്ഥാനങ്ങൾക്കും നിർണായകമായിരിക്കുമെന്ന് ഉറപ്പ്.
കമ്മീഷൻ മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ:
നാമനിർദേശ പത്രിക ഓൺലൈൻ ആയി നൽകാം.
ഓൺലൈൻ നടപടികൾ പ്രോത്സാഹിപ്പിക്കും.
കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു.
കോവിഡ് ബാധിതർ, 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യം ഒരുക്കും.
ഓരോ മണ്ഡലങ്ങളിലെയും ഒരു ബൂത്ത് എങ്കിലും വനിതകൾ നിയന്ത്രിക്കും.
പോളിങ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും.
Post Your Comments