
ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ പൊലീസ് പരിശോധനയ്ക്കിടെ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ഒന്നാം ബ്ലോക്കിലെ തടവുകാരനാണ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. തടവുകാര്‍ മൊബൈല്‍ ഫോണ്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ ജയിലിനുള്ളില്‍ കൊണ്ടുവരുന്നുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്.
Read Also : കുസൃതി കൂടുതല്‍, അയല്‍ വീട്ടില്‍ പോയി: അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത
തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ ഉള്ളിലുണ്ടെന്ന് വ്യക്തമായി. ഇതോടെ ജയിലിന് പുറത്തുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറിന് ശേഷവും മൊബൈല്‍ ഫോണ്‍ സ്വാഭാവികമായി പുറത്തുവന്നിട്ടില്ലാത്തതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
പരിശോധനയ്ക്കിടെ ഫോണുകള്‍ മലദ്വാരത്തിലും ചെരിപ്പിനുള്ളിലുമൊക്കെ ഒളിപ്പിക്കാറുണ്ടെങ്കിലും വിഴുങ്ങുന്നത് അപൂര്‍വമാണെന്ന് പൊലീസ് പറയുന്നു. തടവുകാരന്റെ ആരോഗ്യനിലയില്‍ ഇതുവരെ കുഴപ്പമൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments