ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി കടന്നുപോകുന്ന യാത്രാ പാത തീരുമാനിച്ചത് സംരക്ഷണ സേനയായ എസ്.പി.ജി അല്ല പഞ്ചാബ് പോലീസാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രോട്ടോകോൾ പ്രകാരം സംസ്ഥാന പോലീസാണ് പ്രധാനമന്ത്രിയെപ്പോലുള്ള വി.വി.ഐ.പികൾ കടന്നു പോകുന്ന വഴി സുരക്ഷിതമാക്കേണ്ടത്. വാഹനവ്യൂഹം എത്തുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും പോലീസ് റോഡ് സീൽ ചെയ്യേണ്ടതാണ്. എന്നാൽ, ഈ പ്രോട്ടോകോൾ പാലിക്കുന്നതിൽ പഞ്ചാബ് പോലീസ് അലംഭാവം കാണിച്ചെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഭവിച്ചതെന്ന് വാർത്തകൾ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാരുടെ റോഡ് ഉപരോധം കാരണം,. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഏകദേശം ഇരുപത് മിനിറ്റാണ് മേൽപ്പാലത്തിൽ കുടുങ്ങി കിടന്നത്. പഞ്ചാബ് സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത് വളരെ വലിയ സുരക്ഷാ വീഴ്ചയാണെന്നും, ഇത് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
Post Your Comments