ന്യൂഡൽഹി: ഒമിക്രോണിന്റെ കുറഞ്ഞ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് വൈറസിനെ നിസ്സാരവൽകരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ടു വകഭേദങ്ങളെയും അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ തോത് ഇരട്ടിയാണ്. ജാഗ്രതക്കുറവ് ഗുരുതരമായ വിപത്തിന് കാരണമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ മാധ്യമങ്ങളോട് പറഞ്ഞു.
ഒമിക്രോണിന്റെ വ്യാപനം വർദ്ധിച്ചാൽ വയോധികരിലേക്ക് പെട്ടെന്ന് രോഗം പകരും. ഇത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകും. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കേരളം, തമിഴ്നാട്, കർണാടകം, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഒമിക്രോണിന്റെ എണ്ണം വർദ്ധിക്കുകയാണ്. മഹാരാഷ്ട്രയിൽ, ജനുവരി അഞ്ച് ആയപ്പോൾ രോഗികളുടെ എണ്ണം 69,008 കവിഞ്ഞു. പശ്ചിമ ബംഗാളിൽ 3932-ൽ നിന്ന് 32,484-ലെത്തിയെന്നും ഡൽഹിയിൽ 344-ൽ നിന്ന് 19,522-ലെത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജാഗ്രതയിലൂടെ മാത്രമേ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വായുവിലൂടെയും സ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നതെന്നും അതിനാൽ മാസ്ക് വയ്ക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Post Your Comments