കോഴിക്കോട്: കേരളത്തില്‍ സ്ത്രീകളും ദലിതരും ആദിവാസികളും അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്,കേരളത്തില്‍ അരക്ഷിതാവസ്ഥയാണെന്നും കേരളത്തില്‍ നിന്ന് താമസം മാറുകയാണെന്നും ബിന്ദു അമ്മിണി. ‘ഇന്നലത്തെ ആക്രമണത്തില്‍ പ്രതിക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ഈ അക്രമത്തിന്റെ പിന്നില്‍ സംഘപരിവാറിന്റെ വിവിധ ഗ്രൂപ്പുകളാണ്. മുൻപേ തീരുമാനിച്ചാണ് തന്നെ അക്രമിച്ചത്. പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു ‘ബിന്ദു അമ്മിണി ആരോപിച്ചു.
സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിന്‍വലിച്ചു, താന്‍ ദലിത് വനിതയായതിനാലാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നടപടി,മുഖ്യമന്ത്രിക്ക് പരാതി നല്‍കില്ല. വിശ്വാസികളുടെ പിന്തുണ കിട്ടാന്‍ വേണ്ടി മുഖ്യമന്ത്രി കാണാന്‍ അനുവദിച്ചേക്കില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബിന്ദു അമ്മിണിയുടെ തീരുമാനം. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യ ലഹരിയിലെത്തിയ ഒരാള്‍ അക്രമിച്ചത്.
വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ബിന്ദു അമ്മിണി ഇയാളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും വിവസ്ത്രനാക്കുന്നതിന്റെയും വീഡിയോ പ്രചരിക്കുന്നുണ്ട്. വാഹനതർക്കത്തെ കുറിച്ച് പറയുന്നതിന്റെയും ഇയാളുടെ മുണ്ട് ഉരിഞ്ഞു ഓടയിൽ എറിഞ്ഞതിനെക്കുറിച്ചുള്ള തർക്കവും വീഡിയോയിൽ പറയുന്നുണ്ട്.
Post Your Comments