വളാഞ്ചേരി: കാറിൽ കടത്താൻ ശ്രമിച്ച വിദേശമദ്യ ശേഖരവുമായി യുവാവ് അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് ആണ് പിടികൂടിയത്. വടകര അഴിയൂർ സ്വദേശി വൈദ്യർ കുനിയിൽ ഹർഷാദിനെ (34) ആണ് അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 162 കുപ്പി വില കൂടിയ ഇനം വിദേശമദ്യം പിടിച്ചെടുത്തു. മാഹിയിൽ നിന്ന് വാങ്ങിയ മദ്യം അങ്കമാലിയിലേക്ക് വിൽപനക്കായി കൊണ്ടുപോവുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഹൈവേ പൊലീസും ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ദേശീയപാത വട്ടപ്പാറയിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.
കാറിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പൊലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് 13 കെയ്സുകളായിട്ടാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർ എൻ. മുഹമ്മദ് റഫീഖ്, അഡീഷനൽ എസ്.ഐമാരായ ബെന്നി, അബൂബക്കർ, എ.എസ്.ഐ ബെന്നി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ ദേവ്, രജീഷ്, ജറീഷ്, അബ്ദു, സി.പി.ഒമാരായ ഗിരീഷ്, അനൂപ്, അഖിൽ സുനിൽകുമാർ എന്നിവർ സംബന്ധിച്ചു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
Post Your Comments