കോഴിക്കോട്: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ റാലി നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അനുമതി നോക്കിയല്ല സംഘപരിവാര്‍ സംഘടനകള്‍ റാലി നടത്തുന്നതെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ന് സംസ്ഥാനത്തെ വിവിധ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ പ്രകടനം നടത്തുമെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
‘രാജ്യത്ത് എവിടെയും പ്രകടനം നടത്താനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. പ്രകടനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കേണ്ടത് പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ്. ഞങ്ങള്‍ കലാപമുണ്ടാക്കാന്‍ പോകുന്നവരല്ല. സാമാധാനമായി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. പ്രകടനം നടത്തരുതെന്ന് പറയാന്‍ ഇത് പാക്കിസ്ഥാനല്ല. ഇന്ത്യാരാജ്യമാണ്’- കെ. സുരേന്ദ്രന്‍ പറഞ്ഞു.
‘സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ കലാപമുണ്ടാകുമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തണം. പൊലീസിന് ജാഗ്രതക്കുറവുണ്ടെന്ന് കാലങ്ങളായി പറയുന്ന കാര്യമാണ്. പൊലീസ് ജാഗ്രത പാലിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം’- കെ. സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments