ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ വൻ സുരക്ഷാ വീഴ്ച്ചയുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി. പ്രധാനമന്ത്രിയ്ക്ക് തിരികെ പോകേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച്ചയുണ്ടായിട്ടില്ല. കൊറോണ രോഗിയുമായി സമ്പർക്കമുണ്ടായതിനാലാണ് സ്വീകരിക്കാൻ പോകാതിരുന്നത്. പ്രതിഷേധം ഉണ്ടെന്നുള്ള വിവരം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം വിഷയത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ രംഗത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രിയെ വിളിച്ചിട്ടു അദ്ദേഹം ഫോൺ പോലും എടുത്തില്ലെന്നു നദ്ദ പ്രതികരിച്ചു. പഞ്ചാബിലെ തോൽവി ഭയന്ന് കോൺഗ്രസ് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് തുരങ്കം വെയ്ക്കുകയാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ പ്രതികരിച്ചു. ഇതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഫിറോസ്പൂർ എസ്എസ്പിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ മൂലം പ്രധാനമന്ത്രിയുടെ വാഹനം ഇരുപത് മിനിറ്റോളം നേരെ വഴിയിൽ കുടുങ്ങിയിരുന്നു. ജീവൻ തിരിച്ചുകിട്ടിയതിൽ പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് നന്ദിയെന്നാണ് സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. പഞ്ചാബിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനും പൊതുറാലിയിൽ പങ്കെടുക്കാനുമാണ് അദ്ദേഹം എത്തിയത്.പഞ്ചാബ് സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് പഞ്ചാബ് സർക്കാരിന്റെ കഴിവുകേടാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ പഞ്ചാബ് റാലിയും റദ്ദാക്കിയിരുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പഞ്ചാബ് സന്ദർശനമാണിത്.
Post Your Comments