ThiruvananthapuramLatest NewsKeralaNews

നിയോ ക്രാഡില്‍ നവജാതശിശു പരിചരണത്തില്‍ പുതിയ ചുവടുവയ്പ്പ്: മന്ത്രി വീണാ ജോര്‍ജ്

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന സങ്കീര്‍ണമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം: നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ ക്രാഡില്‍. വളരെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ നവജാത ശിശുക്കള്‍ക്ക് ഏറ്റവും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നുള്ള ഈ പദ്ധതി മറ്റ് ജില്ലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. നിയോ ക്രാഡില്‍ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also : മാവേലിഎക്‌സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ‘പൊന്നന്‍ ഷമീര്‍’ പിടിയില്‍:ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കായി അന്വേഷണം

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന സങ്കീര്‍ണമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്ന സങ്കീര്‍ണങ്ങളായ ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്സിജന്‍ കുറയുന്ന അവസ്ഥ എന്നിവയെ കൃത്യസമയത്ത് ഇടപ്പെട്ട് വിദഗ്ധ ചികിത്സ നല്‍കുന്നതാണ് നിയോ ക്രാഡില്‍ പദ്ധതി. 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 5 ശിശുമരണം മാത്രമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. അത് വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ്. നവജാത ശിശുമരണം വീണ്ടും കുറച്ച് കൊണ്ട് വരുന്നതിന് ഈ പദ്ധതി വളരെയേറെ സഹായിക്കും.

ആശുപത്രികള്‍ ശിശു സൗഹൃദമായി നടപ്പിലാക്കുന്നതിന് ഫലപ്രദമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാതൃശിശു സൗഹൃദമായി മാറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മാതൃശിശു സൗഹൃദം ആക്കുന്നതോടൊപ്പം പൊതുയിടങ്ങളും മാതൃശിശു സൗഹൃദമാക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകാ മെഡിക്കല്‍ കോളേജാക്കി മാറ്റാന്‍ ശ്രമിക്കും. എയിംസ് കിനാലൂരില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നത്. എയിംസ് തുടങ്ങാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ജീവിതശൈലീ രോഗങ്ങള്‍ കുറച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 140 നിയോജക മണ്ഡലങ്ങളിലും ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍ ആരംഭിക്കും. കാന്‍സര്‍ ഡേറ്റ രജിസ്ട്രി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button