ചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും ഒന്നരലക്ഷം രൂപ കവർന്ന സംഭവത്തിൽ ട്വിസ്റ്റ്. കവർച്ച നടന്നുവെന്ന് പരാതിപ്പെട്ടയാൾ തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ്. ഇതോടെ, റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ ജീവനക്കാരനെയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി ടിക്കാറാം(28), ഭാര്യ സരസ്വതി(27) എന്നിവരെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഗെയിം കളിച്ച് വമ്പൻ കട ബാധ്യതയുണ്ടായിരുന്ന ടിക്കാറാം കടം തീർക്കാൻ വേണ്ടിയായിരുന്നു കവർച്ച നടത്തിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ ടിക്കറ്റെടുക്കാൻ എത്തിയ യാത്രക്കാർ കൗണ്ടറിൽ ആരെയും കണ്ടില്ല. സംശയം തോന്നിയ യാത്രക്കാർ കൗണ്ടറിന്റെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ, വായിൽ തുണിതിരുകി കസേരയിൽ കെട്ടിയിട്ട നിലയിൽ ടിക്കാറാമിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ പോലീസിൽ വിവരമറിയിച്ചു. മൂന്നംഗ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി തന്നെ കെട്ടിയിടുകയായിരുന്നുവെന്നും അക്രമിസംഘം പണമെല്ലാം കവർന്നുവെന്നുമായിരുന്നു ഇയാൾ പോലീസിൽ മൊഴി നൽകിയത്. ഏകദേശം 1.30 ലക്ഷം രൂപയാണ് കവർന്നത്.
Also Read:പൊതു ഖജനാവ് കാലിയാക്കാനുള്ളതാണ്, അല്ലാതെ പണം സമ്പാദിച്ചു സൂക്ഷിക്കാനുള്ളതല്ല: തോമസ് ഐസക്
കൗണ്ടറിന് സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ പിടികൂടാൻ പൊലീസിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ സ്റ്റേഷൻ പരിസരത്ത് നടത്തടിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന്റെ പുറത്ത് ഒരു സിസിടിയുണ്ടെന്ന് വ്യക്തമായി. ഇതിലെ ദൃശ്യങ്ങളിൽ ബാഗുമായി പോകുന്ന ഒരു യുവതിയുടെ ചിത്രമുണ്ടായിരുന്നു. ഇവർ സമീപത്ത് സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ചുള്ള വിവരവും പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവർ യുവതിയെ ഇറക്കിവിട്ട പ്രദേശത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറുകയും ചെയ്തു. ടിക്കാറാം താമസിച്ചിരുന്ന പ്രദേശത്തിന് തൊട്ടടുത്താണ് യുവതിയും ഇറങ്ങിയതെന്ന് മനസിലായതോടെ ഇയാളുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് ഇരുവരും കുറ്റസമ്മതം നടത്തി. കവർച്ച ചെയ്ത് പണം ഇവരുടെ വിട്ടീലെ കിണറ്റിൽ ആയിരുന്നു ഒളിപ്പിച്ച് വെച്ചിരുന്നത്.
Post Your Comments