തിരുവനന്തപുരം: പൊതു ഖജനാവ് കാലിയാക്കാനുള്ളതാണെന്നും അതല്ലാതെ പണം സമ്പാദിച്ചു സൂക്ഷിക്കാനുള്ളതല്ലെന്നും വ്യക്തമാക്കി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പണം സമ്പാദിച്ചു സൂക്ഷിക്കുകയാണെന്നും, 2006-ൽ ഇങ്ങനെ ഖജനാവുകളിൽ ചെലവാക്കാതെ മിച്ചംവച്ചത് 50000 കോടി രൂപയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
Also Read:വാട്ട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റു: രണ്ട് പ്രവാസികൾക്ക് വധശിക്ഷ
‘കോവിഡിനു മുമ്പ് ഇത് 2 ലക്ഷം കോടിയായി പടിപടിയായി ഉയർന്നു. ആഹാരവും മരുന്നും ഇല്ലാതെ ജനങ്ങൾ വലഞ്ഞ കോവിഡു കാലത്ത് ഇത് 2.50 ലക്ഷം കോടി രൂപയായി. ഇപ്പോൾ അത് 3 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. ആര് പറഞ്ഞാലും കേരളം ഈ നയം സ്വീകരിക്കാൻ തയ്യാറല്ല’, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
പൊതു ഖജനാവ് കാലിയാക്കി കടം വാങ്ങി ചിലവാക്കുന്ന ഒരു ശൈലിയാണ് കേരളത്തിലെ സർക്കാരുകൾ കുറേക്കാലമായി പിന്തുടരുന്നത്. എന്തുകൊണ്ടാണ് പിരിച്ചെടുക്കേണ്ട പല നികുതികളും മുഴുവനായി പിരിച്ചെടുക്കാൻ ഒരു ആവേശവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത്? ഇങ്ങനെ പോകുന്നു ഡോ. കെ.പി. കണ്ണന്റെ കെ-റെയിൽ വിമർശനത്തിന്റെ മൂന്നാമത്തെ പോയിന്റ്.
ഖജനാവ് കാലിയാക്കാനുള്ളതാണ്. അതല്ലാതെ പണം സമ്പാദിച്ചു സൂക്ഷിക്കാനുള്ളതല്ല. മറിച്ചാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്നത്. 2006-ൽ ഇങ്ങനെ ഖജനാവുകളിൽ ചെലവാക്കാതെ മിച്ചംവച്ചത് 50000 കോടി രൂപയായിരുന്നു. കോവിഡിനു മുമ്പ് ഇത് 2 ലക്ഷം കോടിയായി പടിപടിയായി ഉയർന്നു. ആഹാരവും മരുന്നും ഇല്ലാതെ ജനങ്ങൾ വലഞ്ഞ കോവിഡു കാലത്ത് ഇത് 2.50 ലക്ഷം കോടി രൂപയായി. ഇപ്പോൾ അത് 3 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. ആര് പറഞ്ഞാലും കേരളം ഈ നയം സ്വീകരിക്കാൻ തയ്യാറല്ല. ഇങ്ങനെ മിച്ചംവച്ച് ജനങ്ങളെ പട്ടിണിക്കിടില്ലായെന്ന് 2006-ലെ ബജറ്റ് പ്രസംഗത്തിൽ രണ്ടു പേജുകളിലായി വിശദീകരിച്ചിട്ടുള്ളതാണ്. അടുത്തകാലത്ത് മാതൃഭൂമിയിലും ഇന്ത്യൻ എക്സ്പ്രസ്സിലും ഈ ജനവിരുദ്ധ നയത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ല. നിയോലിബറൽ കണക്കപ്പിള്ളമാരുടെ സ്ഥിതിയിലേയ്ക്ക് നാം അധപതിക്കാൻ പാടില്ല.
ഖജനാവ് കാലിയാകുമ്പോഴാണ് കടമെടുക്കുന്നത് എന്നുള്ളത് അതിലേറെ തെറ്റാണ്. ഖജനാവിൽ കിടക്കുന്ന പണം റവന്യു വരുമാനം മാത്രമല്ല, വായ്പാ വരുമാനവുമുണ്ട്. വായ്പ ഏതു സർക്കാരിന്റെയും നിയമാനുസൃതമായ വരുമാനമാണ്. ഇന്ത്യയിലെ നിലവിലുള്ള നിയമപ്രകാരം സംസ്ഥാന അഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം വരെ വായ്പയെടുക്കാം. ഇതിനു കേന്ദ്ര സർക്കാരിന്റെ അനുവാദവും വേണം. 3 ശതമാനത്തേക്കാൾ കൂടുതൽ ഏതെങ്കിലും മാർഗ്ഗത്തിൽ വായ്പയെടുത്താൽ തൊട്ടടുത്ത വർഷത്തെ വായ്പയിൽ നിന്ന് അത്രയും വെട്ടിക്കിഴിക്കുകയും ചെയ്യും. അതുകൊണ്ട് ചിലർ കരുതുന്നതുപോലെ ഖജനാവ് കാലിയാകുമ്പോഴൊക്കെ വായ്പയെടുക്കാൻ കഴിയില്ല. അല്ലാ, അനുവദനീയമായ വായ്പ തന്നെ എടുക്കരുതെന്നു പറയുന്നത് എത്ര വികസനവിരുദ്ധമാണെന്ന് ആലോചിച്ചു നോക്കൂ.
നികുതി കുടിശിക പിരിക്കാതെ വായ്പയെടുക്കാൻ പോകുന്നൂവെന്ന വിമർശനം ഊതിവീർപ്പിച്ചതാണ്. ഉദാഹരണത്തിന് 3 വർഷം മുമ്പ് കേരളത്തിന്റെ വാറ്റ് / വിൽപ്പന നികുതി കുടിശിക 14000 കോടിയോളം രൂപയായിരുന്നു. ഇതു കേരള സംസ്ഥാനം രൂപീകൃതമായ നാൾമുതലുള്ള കുടിശികയാണ്. 3000-ത്തിൽപ്പരം കോടി രൂപ ജില്ലാ കളക്ടർമാർ തന്നെ ഈടാക്കാനാവില്ലായെന്നു പറഞ്ഞ് മടക്കിയതാണ്. എന്നാൽ ഇവയൊന്നും ഔപചാരികമായി എഴുതിത്തള്ളിയിട്ടില്ല. 4500 കോടി രൂപ കോടതിയിൽ കേസിലാണ്. കേസ് തീരാതെ പിരിക്കാനാവില്ല. ബാക്കി 6000-ത്തിൽപ്പരം കോടി രൂപയുടെ പകുതിയിലേറെ പെനാൽറ്റിയും പലിശയും പിഴപ്പലിശയുമാണ്. ഇവ ഇളവു ചെയ്ത് കുടിശിക ഈടാക്കാനുള്ള ആംനസ്റ്റിയുണ്ട്. പ്രളയവും തുടർന്ന് കോവിഡുംമൂലം ജപ്തി തുടങ്ങിയ നടപടികൾ സാധ്യമല്ലാത്തതുകൊണ്ട് സ്വമേധയാ വരുന്നവരുടെ കുടിശിക മാത്രമേ ഈടാക്കാനാവൂ. ഒരു വർഷം മുമ്പ് 3000 കോടി രൂപ ഇങ്ങനെ സെറ്റിൽ ചെയ്തിട്ടുണ്ട്. ഇനിയും എത്ര ബാക്കിയുണ്ടെന്ന് കണക്ക് കൂട്ടിക്കോളൂ. അതുകൊണ്ട് കുടിശിക പിരിച്ച് പരിഹരിക്കാമെന്ന സാമ്പത്തിക ഞെരുക്കമല്ല ഇന്നുള്ളത്. കൂടുതൽ ഗൗരവമായ നടപടികൾ വേണം.
നോർഡിക് രാജ്യങ്ങൾക്കു സമാനമായ ക്ഷേമ-സുരക്ഷിതത്വം സംസ്ഥാനത്തും വേണമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഈ രാജ്യങ്ങളിൽ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയായി സമാഹരിക്കുന്നുണ്ട്. കേരളത്തിലാവട്ടെ, കേന്ദ്രത്തിൽ നിന്നും കിട്ടുന്ന നികുതി വിഹിതവുംകൂടി ചേർത്താൽപ്പോലും 14 ശതമാനം വരില്ല. അതുകൊണ്ട് വരുമാനം എങ്ങനെ ഉയർത്താം. അനാവശ്യ ചെലവുകൾ എങ്ങനെ ഇല്ലാതാക്കാം. എന്നത് ഒരു യഥാർത്ഥ പ്രശ്നമാണ്. നമ്മൾ ചർച്ച ചെയ്യുകയും വേണം. പക്ഷെ, അതിനെ സംസ്ഥാനത്തെ പശ്ചാത്തലസൗകര്യ വർദ്ധനവിനുവേണ്ടി കടമെടുക്കുന്നതുമായി കൂട്ടിക്കുഴയ്ക്കണ്ട.
ഡോ. കെ.പി. കണ്ണന്റെ നിരന്തര വിമർശനത്തിനു വിധേയമാകുന്നത് കിഫ്ബി വഴിയുള്ള കടമെടുപ്പാണ്. കെ-റെയിലിനെക്കുറിച്ചുള്ള തർക്കം നമുക്ക് തുടരാം. എന്നാൽ കിഫ്ബി വഴി ഏറ്റെടുത്തിട്ടുള്ള ഏതു പദ്ധതിയാണ് അനാവശ്യവും മാറ്റിവയ്ക്കാവുന്നതുമെന്ന് ആർക്കെങ്കിലും പറഞ്ഞു തരാനാകുമോ? ഇത്രയും പോരാ, കൂടുതൽ റോഡുകളും പാലങ്ങളും മറ്റും വേണമെന്നാണ് ഓരോ പ്രദേശത്തെയും ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. സാധാരണ ബജറ്റ് വഴിയാണ് ഇതിനു പണം കണ്ടെത്തുന്നതെങ്കിൽ 25 വർഷംകൊണ്ടേ ഇവ പണിതു തീർക്കാനാവൂ. കടം എടുത്തിട്ടാണെങ്കിലും ഇന്നു അവ പണിതാൽ നിർമ്മാണച്ചെലവ് അത്രയും കുറയും. അതിന്റെ ഗുണം ഇന്ന് ജീവിച്ചിരിക്കുന്നവർക്കു കിട്ടും. മോക്ഷം പരലോകത്തുപോരാ, ഇഹലോകത്തു തന്നെ വേണം.
കിഫ്ബിയുമായി ബന്ധപ്പെട്ട് ഡോ. കണ്ണനെപ്പോലുള്ളവർ പരത്തുന്ന കടക്കെണി പരിഭ്രാന്തി എന്ത് അസംബന്ധമാണെന്നു നോക്കിക്കേ. സർക്കാരിന്റെ ബാധ്യത നിയമത്തിൽ വ്യവസ്ഥ ചെയ്തപോലെ ഓരോ വർഷവും നൽകേണ്ടുന്ന മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും മാത്രമാണ്. ആ വരുമാനത്തിനുള്ളിൽ തിരിച്ചടവ് ഒതുങ്ങന്ന അത്രയും പ്രോജക്ടുകളേ കിഫ്ബി ഏറ്റെടുക്കൂ. ഇത്തരത്തിൽ ആസ്തിയും ബാധ്യതയും മാച്ച് ചെയ്യുന്നതിന് വളരെ കാര്യക്ഷമമായ സോഫ്ടുവെയറുണ്ട്. അതു നോക്കിയിട്ടാണ് ഡയറക്ടർ ബോർഡ് കൂടുതൽ പ്രോജക്ടുകൾക്ക് അനുവാദം നൽകുന്നത്. ഇപ്പോൾ 62000 കോടി രൂപയുടെ പ്രോജക്ടുകൾ അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ഭാവി ബാധ്യതകൾ ഭാവി വരുമാനത്തേക്കാൾ വളരെ താഴെയാണ്. ഇത്തരമൊരു നയം ഒരു കടക്കെണിയിലും എത്തിക്കില്ല. ഭൂരിപക്ഷം കിഫ്ബ് പ്രൊജക്ടുകളിൽ നിന്നും വ്യത്യസ്തമായി കെ-റെയിലാകട്ടെ വരുമാനദായകവുമാണ്.
Post Your Comments