കോഴിക്കോട്: ദീർഘദൂര ബസുകളുടെ അമിത വേഗത ചോദ്യംചെയ്ത ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയതായി പരാതി. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന യാത്രികനെ കാൽനടക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മാവൂർ റോഡിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് ബസിടിച്ച് തെറിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ആദിലിനും പരിക്കുണ്ട്. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ -58 ജി 3069 നമ്പർ ‘ഫെറാരി’ ബസാണ് ഇടിച്ചു തെറിപ്പിച്ചതെന്ന് അഷ്റഫ് പറഞ്ഞു.
Read Also : കർഫ്യൂവിനിടെ മത്സ്യത്തൊഴിലാളിയായ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
അമിത വേഗതയിൽ വന്ന ബസിലെ ഡ്രൈവറോട് മെല്ലെ പോയാൽ പോരേയെന്ന് മാവൂർ റോഡിലെ ബസ് സ്റ്റോപ്പിനടുത്തുനിന്ന് അഷ്റഫ് പറഞ്ഞിരുന്നു. ഇതോടെ ബസിലെ ക്ലീനർ അഷ്റഫിനെ ഭീഷണിപ്പെടുത്തി.
തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനു സമീപത്തു നിന്ന് മനഃപൂർവം ബൈക്കിനു പിന്നിൽ ഇടിക്കുകയും നിർത്താതെ പോവുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അഷ്റഫിന്റെ കാലിന് പൊട്ടലുണ്ട്. മകൻ ആദിലിന്റെ കാൽവിരലുകൾക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസിനെതിരെ നടപടിയാവശ്യപ്പെട്ട് നടക്കാവ് പൊലീസിൽ അഷറഫ് പരാതി നൽകി.
Post Your Comments