KeralaLatest NewsNews

സുരേന്ദ്രന്റെ ഒരു ഗുണവും തനിക്ക് ഉണ്ടാകരുതേയെന്നാണ് പ്രാര്‍ത്ഥന: വി.ഡി. സതീശന്‍

കോണ്‍ഗ്രസിനെ യോഗം അറിയിച്ചിട്ടില്ല. അറിയിക്കാത്ത പരിപാടിയില്‍ എങ്ങനെ പങ്കെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കെ. സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നനാണെന്നും അദ്ദേഹത്തിനുള്ള ഒരു ഗുണവും തനിക്ക് ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയാണ് ഉള്ളതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വായ പോയ കോടാലി പോലെ വായും തലയുമില്ലാതെ സുരേന്ദ്രന്‍ പറയുന്നത് ഏറ്റുപിടിക്കുന്ന മെഗാഫോണ്‍ അല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

‘കേരളത്തിലെ ബി.ജെ.പിയെ എടുക്കാചരക്കാക്കി മാറ്റിയ രണ്ടു നേതാക്കളാണ് കേന്ദ്രമന്ത്രി വി. മുരളീധരനും കെ സുരേന്ദ്രനും. പകല്‍ മുഴുവന്‍ പിണറായി വിരോധം പറയുകയും രാത്രി കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെതിരായി നടത്തിയ അന്വേഷണവും കേരളത്തിലെ പൊലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരായി നടത്തിയ അന്വേഷണവും തമ്മില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പിണറായിയോട് ചര്‍ച്ച ചെയ്ത ആളാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ട’- വി.ഡി. സതീശന്‍ പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വി.ഡി. സതീശന്‍ വിമര്‍ശനമുന്നയിച്ചു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാരെ കാണാന്‍ ഇറങ്ങിയിരിക്കുകയാണ്. വരേണ്യവര്‍ഗത്തെ മാത്രമാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. പൗര പ്രമുഖര്‍ എന്ന പേരില്‍ ക്ഷണിച്ചത് വരേണ്യവര്‍ഗത്തെ മാത്രമാണ്. ഇത് പദ്ധതിയുടെ നിഗൂഢത വര്‍ധിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെയും താത്പര്യമുള്ളവരെ മാത്രമാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്’-സതീശന്‍ പറഞ്ഞു.

Read Also: വിഡി സതീശൻ നിർഗുണ പ്രതിപക്ഷ നേതാവ്: കെ സുരേന്ദ്രൻ

‘കോണ്‍ഗ്രസിനെ യോഗം അറിയിച്ചിട്ടില്ല. അറിയിക്കാത്ത പരിപാടിയില്‍ എങ്ങനെ പങ്കെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളോടാണ് വിശദീകരിക്കേണ്ടത്. നിയമസഭ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ടു അഭിപ്രായം ഇല്ല. ചെന്നിത്തലയും താനും പറഞ്ഞത് ഒരേ കാര്യമാണ്. വൈസ് ചാന്‍സിലറെ പുറത്താക്കാതെ ചാന്‍സിലര്‍ പദവി ഒഴിയുന്നു എന്ന് ഗവര്‍ണര്‍ പറയുന്നത് സര്‍ക്കാരിനെ സഹായിക്കാനാണ്. കേരളത്തില്‍ പൊലീസ് നിയന്ത്രണം നഷ്ടപ്പെട്ടതായും അതിക്രമങ്ങള്‍ മാത്രമാണ് പൊലീസ് കാട്ടുന്നത്. എന്നിട്ടും ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞ് ചുരുക്കുകയാണ്’- വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button