ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിലേത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തിലെത്തുമോ എന്നാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. ഇതു വരെ പുറത്തുവന്ന സര്‍വേ ഫലങ്ങളിലെല്ലാം ഉത്തര്‍ പ്രദേശില്‍ ബിജെപി വീണ്ടും ഉജ്ജ്വല വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത് . ഇപ്പോള്‍ ടൈംസ് നൗ-നവ് ഭാരത് നടത്തിയ സര്‍വേയിലും ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ തേരോട്ടമാണ് പ്രവചിച്ചത്.
403 അംഗ സഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 230-249 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. സമാജ് വാദി പാര്‍ട്ടിയാകും മുഖ്യപ്രതിപക്ഷ കക്ഷി. കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു. ടൈംസ് നൗ-നവ്ഭാരതിന് വേണ്ടി വെറ്റോയാണ് സര്‍വേ നടത്തിയത്. 2017ല്‍ 325 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരുന്നത്.
2017ല്‍ 48 സീറ്റു കിട്ടിയ സമാജ് വാദി പാര്‍ട്ടിക്ക് 137 മുതല്‍ 152 സീറ്റു വരെ സര്‍വേ പ്രവചിക്കുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ 19 സീറ്റു കിട്ടിയ മായാവതിയുടെ ബിഎസ്പിക്ക് 9-14 സീറ്റുകള്‍ ലഭിക്കും. പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന് പ്രവചിക്കുന്നത് നാലു മുതല്‍ ഏഴു വരെ സീറ്റാണ്. 2017ല്‍ പാര്‍ട്ടിക്കു കിട്ടിയത് ഏഴു സീറ്റാണ്.
ബിജെപി സഖ്യത്തിന് 38.6 ശതമാനം വോട്ടാണ് സര്‍വേ പ്രവചിക്കുന്നത്. എസ്.പി സഖ്യത്തിന് 34.4 ശതമാനം വോട്ടുലഭിക്കും. ഡിസംബര്‍ 16നും 30നുമിടയിലാണ് സര്‍വേ നടത്തിയത്. 21,480 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
Post Your Comments