ചിന്ദ്വാര: ഒരു വിദ്യാലയം നന്നായാല്‍ ആ നാടും അവിടുത്തെ ജനങ്ങളുമാണ് നന്നാവുക. അധ്യാപകര്‍ വിചാരിച്ചാല്‍ ഒരു ജനതയെ തന്നെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇത്തരത്തിൽ മൂന്ന് അധ്യാപകര്‍ തങ്ങളുടെ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് കുറച്ചു തുക മുടക്കി ഒരു സർക്കാർ വിദ്യാലയത്തെ ഹൈടെക്ക് ആക്കി മാറ്റി സര്‍ക്കാരിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അധ്യാപകരുടെ ശ്രമഫലമായി ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ തയ്യാറായിരിക്കുകയാണ്. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ച് അധ്യാപകര്‍ മാതൃകയായിരിക്കുന്നത്.
ചിന്ദ്വാരയിലെ മൊഹ്ഖേദ് ഡെവലപ്മെന്റ് ബ്ലോക്കിലെ ഉമ്രനാലയിലെ ഗോഘാരി എന്ന ആദിവാസി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയമാണ് ഇപ്പോള്‍ ജില്ലയിലെ പ്രധാന സംസാര വിഷയം. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ സര്‍ക്കാര്‍ സ്കൂളിന്റെ വിധി മാറ്റാന്‍ മൂന്ന് അധ്യാപകര്‍ കൈകോര്‍ക്കുകയായിരുന്നു. അനില്‍ കോതേക്കര്‍, രഘുനാഥ് തവ്നെ, രാമു പവാര്‍ എന്നീ മൂന്ന് അധ്യാപകര്‍ ചേര്‍ന്നാണ് ഗോഘാരി സര്‍ക്കാര്‍ സ്ക്കൂളിനെ ഹൈടെക്ക് ആക്കി മാറ്റിയത്.
സ്കൂളിന്റെ മുഖച്ഛായ മാറ്റുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി പ്രധാനാധ്യാപകന് അനില്‍ കോതേക്കറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ രഘുനാഥ് തവ്നെയും രാമു പവാറും ചേര്‍ന്ന് ക്യാമ്പയിന് ആരംഭിച്ചു. കുട്ടികള്‍ക്ക് പഠിക്കാന്‍ മികച്ച അന്തരീക്ഷം ഒരുക്കണമെന്നാണ് ഈ അധ്യാപകരുടെ അഭിപ്രായം. സ്മാര്‍ട്ട് ടിവി, പ്രൊജക്ടര്‍, ഉച്ചഭാഷിണി, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂള്‍ ഇപ്പോള്‍ ഹൈടെക് ആണ്. കുട്ടികള്‍ക്ക് ഡിജിറ്റല്‍ മോഡില്‍ വിദ്യാഭ്യാസം നല്‍കുന്നത് എങ്ങനെയെന്ന് കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള അധ്യാപകരും ഈ സ്കൂള്‍ സന്ദര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ അധ്യാപകര്‍ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ശതമാനം മാറ്റിവെച്ച് അത് സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്നു. സ്കൂളിന്റെ വികസനത്തിന് വേണ്ടി എല്ലാ മാസവും തങ്ങളുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക ഇവര്‍ നീക്കിവെച്ചു. വിദ്യാര്‍ഥികളുടെ സഹായത്തോടെ അധ്യാപകര്‍ സ്കൂള്‍ കാമ്പസിനെ മാറ്റിമറിച്ചതായി സ്കൂളിന്റെ പ്രധാനാധ്യാപകന് കൊതേക്കര്‍ പറയുന്നു.
സ്കൂളിന്റെ രൂപമാറ്റം വിദ്യാര്‍ഥികളില്‍ പഠിക്കാനുള്ള ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. അധ്യാപകരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും വിദ്യാര്‍ഥികളും പറഞ്ഞു. ജില്ലയിലെ ഏത് സ്വകാര്യ സ്കൂളുമായും മത്സരിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് നിലവില്‍ ഈ വിദ്യാലയത്തിലെ സൗകര്യങ്ങള്‍. വലിയൊരു കളിസ്ഥലം ഇല്ല എന്നതു മാത്രമാണ് ഒരു പോരായ്മ.
ഗോഘാരി സെക്കന്‍ഡറി ഹൈസ്കൂളിലെ അധ്യാപകരുടെ ശ്രമഫലമായാണ് അവിടെ സ്മാര്‍ട്ട് ക്ലാസുകള്‍ നടക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ് ചൗരഗഡെ പറഞ്ഞു. കുട്ടികള്‍ക്ക് ഇപ്പോള്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ജില്ലയിലെ മറ്റിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments