പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ച. സഞ്ജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം അറിയിക്കും. ഹര്‍ജിയില്‍ പൊലീസും സിബിഐയും നിലപാട് അറിയിച്ചിട്ടുണ്ട്.
സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അറുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മൂന്ന് പേര്‍ പ്രതികളെ സഹായിച്ചവരുമാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരുള്‍പ്പെടെ നാല് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് പ്രതികള്‍ എത്താനിടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷിച്ചു വരികയാണ്. പിടികൂടാനുള്ള പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നവംബര്‍ 15ന് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ ചവിട്ടി വീഴ്ത്തിയശേഷം നാല് പ്രതികള്‍ കാറില്‍ നിന്നിറങ്ങി വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറില്‍ കയറിയത്. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് മൂന്ന് പ്രതികള്‍ക്കും അറിയാമായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിത്.
Post Your Comments