തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടും അതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതില്‍ അത്ഭുതമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്ത് എത്തിയത്. പോലീസിന്റെ ക്രൂരതകള്‍ക്ക് മാപ്പ് പറയാന്‍ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേക്കാണ് കഴിവുകെട്ട ആഭ്യന്തരമന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നതെന്നും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എന്ന പാര്‍ട്ടിയ്ക്ക് മന്ത്രിസഭയില്‍ എന്തെങ്കിലും സ്വാധീനം പേരിനെങ്കിലുമുണ്ടെങ്കില്‍ പിണറായി വിജയനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിന് പിന്നാലെയാണ് കെ സുധാകരന്‍ ആഭ്യന്തരവകുപ്പിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. കഴിഞ്ഞ ദിവസം ഒരു വിദേശ പൗരന്റെ മേല്‍ കുതിര കേറിയ പിണറായി വിജയന്റെ പോലീസ് ഇന്നിതാ ഒരാളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പോലീസിന്റെ ക്രൂരതകള്‍ക്ക് മാപ്പ് പറയാന്‍ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നത്’ .
‘പോലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചിട്ടും ആഭ്യന്തര മന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാണവും മാനവും ഇല്ലാതെ തുടരാന്‍ കഴിയുന്നത് അത്ഭുതം തന്നെയാണ്. സിപിഎം എന്ന പാര്‍ട്ടിയ്ക്ക്, അതിന്റെ സംസ്ഥാന സെക്രട്ടറിയ്ക്ക് ഈ മന്ത്രിസഭയില്‍ എന്തെങ്കിലും സ്വാധീനം പേരിനെങ്കിലുമുണ്ടെങ്കില്‍ പിണറായി വിജയനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം.
പോലീസിന്റെ അഴിഞ്ഞാട്ടം നിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കരുത’ ്
Post Your Comments