ഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പുരും ത്രിപുരയും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 4ന് പ്രധാനമന്ത്രി സംസ്ഥാനങ്ങൾ സന്ദർശിക്കും. കോടികൾ വിലമതിക്കുന്ന നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതെന്നാണ് ലഭ്യമായ വിവരം. റോഡ് വികസനവും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെ മണിപ്പുരിൽ മാത്രം 4800 കോടി രൂപയുടെ പദ്ധതികളാകും പ്രഖ്യാപിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മണിപ്പുരിൽ 1850 കോടി രൂപ മുതൽമുടക്കുള്ള 13 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി, റോഡ് വികസനം, കുടിവെള്ള വിതരണം, ആരോഗ്യം, വിവരസാങ്കേതിക വിദ്യ, നഗരവികസനം എന്നിങ്ങനെ വിവിധ മേഖലകളുമായി 2950 കോടി രൂപ മുതൽമുടക്കുള്ള 9 പദ്ധതികളുടെ ശിലാ സ്ഥാപനം നടത്തും. 1700 കോടി മുതൽമുടക്കുള്ള 5 ദേശീയപാതകളുടെ നിർമാണത്തിനുള്ള പദ്ധതികൾക്ക് തറക്കല്ലിടും. 110 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ ദേശീയപാതകൾ നിലവിൽ വരുന്നതോടെ മേഖലയിലെ റോഡ് ഗതാഗതം കൂടുതൽ സുഗമമാകും.
Post Your Comments