കൊല്ലം: കൊല്ലം കടയ്ക്കലിൽ ഏഴു വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്നാണുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Also Read:മിസൈലുകൾക്കിടയിലൂടെ നടക്കുന്ന മെലിഞ്ഞ കിം ജോങ് ഉന്‍ ഇപ്പോൾ ഭക്ഷ്യസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു
കുടുംബവഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് ജിൻസിയെ കണ്ട് സംസാരിക്കുന്നതിനായി ജിൻസിയുടെ വീട്ടിൽ എത്തിയതായിരുന്നു ദീപു. പാരിപ്പള്ളിയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ജിൻസിയെ ഭർത്താവിന് എപ്പോഴും സംശയമായിരുന്നു. ഇതേത്തുടർന്ന് ആയിരുന്നു പലപ്പോഴും വഴക്ക് ഉണ്ടാക്കിയിരുന്നത്. ജിൻസി വൈകിട്ട് ജോലി കഴിഞ്ഞ് കോട്ടപ്പുറത്തെ വീട്ടിൽ എത്തിയ ശേഷം ഭർത്താവ് ദീപു ജിൻസിയുമായി തർക്കത്തിലേർപ്പെട്ടു. പ്രകോപിതനായ ദീപു വെട്ടുകത്തി കൊണ്ട് ജിൻസിയെ തലയിൽ വെട്ടി. തടസം പിടിക്കാൻ ശ്രമിച്ച ഏഴു വയസുകാരൻ മകനെ ദീപു എടുത്തെറിഞ്ഞു.
പേടിച്ചോടിയ കുട്ടി നാട്ടുകാരെ വിളിച്ചു കൊണ്ടു വന്നാണ് പരുക്കേറ്റു കിടന്ന ജിൻസിയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഭാര്യയോടുളള സംശയത്തിന്റെ പേരിലാണ് ദീപു നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നത്. ഏഴു വയസുകാരൻ മകനു പുറമേ അഞ്ചു വയസുള്ള മകളും ദീപു ജിൻസി ദമ്പതികൾക്കുണ്ട്.
Post Your Comments