ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി. ഗോലാറചി സ്വദേശിനിയായ നജ്മ കോഹ്ലിയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. ബാദിൻ ജില്ലയിൽ നടന്ന സംഭവത്തിൽ ഹിന്ദു പെൺകുട്ടിയായ നജ്മ കോഹ്ലിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി മുസ്ലീം യുവാവിന് വിവാഹം കഴിപ്പിച്ചു നൽകുകയായിരുന്നു.
പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ ആയ അഷികനാസ് ഖോഖർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മതം മാറ്റുകയായിരുന്നുവെന്നും തുടർന്ന് 35 കാരനായ അമാനുള്ളയ്‌ക്ക് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു എന്നും ഖോഖർ പറയുന്നു. വിവാഹ ശേഷം പെൺകുട്ടിയുടെ പേര് ഫാത്തിമയെന്നാക്കി മാറ്റിയെന്നും ഖോഖർ കൂട്ടിച്ചേർത്തു.
ഡിസംബർ അവസാനം പാകിസ്ഥാനിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയിരുന്നു. സിന്ധ് പ്രവിശ്യയിലുള്ള 19 ഉം 13 ഉം വയസ്സുള്ള ഹിന്ദു പെൺകുട്ടികളെ മതമൗലികവാദികൾ തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും സമാന സംഭവം ഉണ്ടായത്.
Post Your Comments