ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. ഒരാളിൽ നിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് പടരുന്നതെന്ന് ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹിയിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയതായി സംസ്ഥാന സർക്കാറും അറിയിച്ചിട്ടുണ്ട്.
ഒമിക്രോൺ കേസുകൾ ഗുരുതരമല്ലെന്നതും കോവിഡ് മൂലമുള്ള മരണനിരക്ക് 300-ൽ താഴെ നിൽക്കുന്നതുമാണ് ഈ ഘട്ടത്തിലുള്ള ആശ്വാസമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. എന്നാൽ, ഇതിനെ നിസ്സാരമായി കാണരുതെന്നും ഈ അവസരത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു. ഒമിക്രോൺ അതിവേഗത്തിലാണ് മറ്റു രാജ്യങ്ങളിൽ വ്യാപിക്കുന്നതെന്നും ആഗോള തലത്തിൽ കേസുകൾ ഉയരുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയും വർദ്ധിക്കുന്നതെന്നും പോൾ സൂചിപ്പിച്ചു.
രാജ്യത്ത് 13,154 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 22 സംസ്ഥാനങ്ങളിലായി 961 ഒമിക്രോൺ റിപ്പോർട്ട് ചെയ്തുവെന്നും ഇവരിൽ 320 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ഡൽഹി, കർണാടകം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഒമിക്രോൺ കേസുകൾ വർദ്ധിക്കുകയാണ്.
Post Your Comments