തിരുവനന്തപുരം: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസ് എന്‍ഐഎ അന്വേഷിച്ചാല്‍ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടിക്കാന്‍ കഴിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ നിസഹായ അവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞെന്നും എഡിജിപിയുടെ വാക്കുകള്‍ പൊലീസിന്റെ കുറ്റസമ്മതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ സംസ്ഥാനം വിട്ടത് ഗൗരവമുള്ള കാര്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സര്‍ക്കാരും രാഷ്ട്രീയ കാരണത്താല്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രഞ്ജിത്തിനെ കൊലപ്പെടുത്തിയവരെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവര്‍ കൃത്യത്തില്‍ പങ്കെടുത്തവരല്ലെന്നും മത ഭീകരവാദികളെ പൊലീസ് കൈ അയച്ച് സഹായിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം പ്രതികളെ പിടികൂടാന്‍ വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഷാന്‍ വധക്കേസില്‍ നിരപരാധികളായവരെ ക്രൂശിക്കുകയാണ്. ആര്‍എസ്എസുകാര്‍ പൊലീസില്‍ മാത്രമല്ല രാജ്യം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്നും ഇത് കോടിയേരിക്ക് അറിയാത്ത കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എ.സ്.ഡി.പി.ഐ തീവ്രവാദികള്‍ പൊലീസില്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments