കാണ്‍പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന യുപിയില്‍ ഇതിനോടകം തന്നെ വലിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരോ കക്ഷികളും തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി, എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ തനിച്ച് പോരാടുന്നതിനാല്‍ ഇത്തവണ മത്സരമുണ്ടാകുമെന്നാണ് സൂചന. ബിജെപി തന്നെയാവും അടുത്ത ഭരണവും എന്നാണു വിവിധ സർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ എസ്പിക്ക് വലിയ മുന്നേറ്റവും സര്‍വേകള്‍ പ്രവചിക്കുന്നു. അതുകൊണ്ട് തന്നെ അവരും ആവേശത്തിലാണ്.
ഈ മുന്നേറ്റ സാധ്യത വിജയത്തിലേക്ക് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് അവര്‍. എന്നാല്‍ ഇതിനിടയിലാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ള കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയിരിക്കുന്നത്.
കാണ്‍പൂര്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലാണ് എസ്പിയെ ഞെട്ടിച്ച കൂറുമാറ്റം നടന്നത്. മുതിര്‍ന്ന നേതാവായ സുഹൈല്‍ അഹമ്മദ് ഉള്‍പ്പെടെയുള്ള ആറ് കോര്‍പ്പറേറ്റര്‍മാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സമാജ്‌വാദി പാര്‍ട്ടി കോര്‍പ്പറേറ്റര്‍മാരുടെ നേതാവായ സുഹൈല്‍ അഹമ്മദ്, ഷിബു അന്‍സാരി, സാഹി, രാകേഷ് സാഹു, ആബിദ് അലി, മഹേന്ദ്ര പ്രതാപ് സിംഗ് എന്നിവരാണ് എസ്പി വിട്ടവര്‍. ലഖ്‌നൗവില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ഇവര്‍ എസ് പിക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തി. ചടങ്ങില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഹൈല്‍ അന്‍സാരിയും പങ്കെടുത്തിരുന്നു. യുപി പി സി സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു അടക്കമുള്ള പാര്‍ട്ടി നോതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ കോണ്‍ഗ്രസ് പ്രവേശനം.
ഈ കോര്‍പ്പറേറ്റര്‍മാരെല്ലാം സിസാമാവു നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നവരാണ്. എസ്പിയുടെ സിറ്റിങ് സീറ്റാണ് ഇത്. 2017ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് അവസ്തിയെ പരാജയപ്പെടുത്തി എസ്പി സ്ഥാനാര്‍ഥി ഇര്‍ഫാന്‍ സോളങ്കി ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. എസ്പി കോര്‍പ്പറേറ്റര്‍മാരുടെ കൂറുമാറ്റം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതുന്ന അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
‘കാണ്‍പൂരിലെ സമാജ്‌വാദി പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി എം എല്‍ എയായ ഇര്‍ഫാന്‍ സോളങ്കി കഴിഞ്ഞ നാല് വര്‍ഷമായി തന്റെ നിയോജക മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിസാമാവുവില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല.’ സുഹൈല്‍ അഹമ്മദ് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിസാമാവു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ സുഹൈല്‍ അഹമ്മദിന് ടിക്കറ്റ് ലഭിച്ചേക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സുഹൈലും അനുയായികളും എസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയത് ഇര്‍ഫാന്‍ സോളങ്കിയുടെ സാധ്യത ദുഷ്കരമാക്കുക മാത്രമല്ല, സിസാമാവു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൂടുതല്‍ ശ്രദ്ധേയമാക്കുകയും ചെയ്തേക്കും.
Post Your Comments