ബെംഗളൂരു: പുരാതന ആത്മീയ സമ്പ്രദായമായ ഷാമനിസത്തിൽ ആകൃഷ്ടയായി പതിനേഴുകാരിയായ അനുഷ്ക വീടുവിട്ടിട്ട് 2 മാസം. ഒക്ടോബർ 31നാണ് രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത് അനുഷ്ക വീടുവിട്ടിറങ്ങിയത്. ബെംഗളൂരുവിലെ വീട്ടിൽ മകളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് അമ്മയും അച്ഛനും കാത്തിരിക്കുകയാണ്. രണ്ടു മാസമായി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ അനുഷ്കയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ആത്മാക്കളുടെ ലോകവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘ഷാമനിസം’ എന്ന പുരാതന ആത്മീയ സമ്പ്രദായത്തില്‍ ആകൃഷ്ടയായാണ് അനുഷ്ക വീടുവിട്ടതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഈ വർഷം സെപ്റ്റംബർ മുതലാണ് അനുഷ്കയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ശ്രദ്ധിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ‘അവളെ ഞങ്ങൾ ഒരു കൗൺസിലറുടെ അടുത്തു കൊണ്ടുപോയി. അവൾ ഞങ്ങളോട് സംസാരിക്കുന്നത് നിർത്തി, സ്വന്തം കാര്യങ്ങളിലേക്ക് ഒതുങ്ങി, വീട്ടുജോലികള്‍ ഒന്നും ചെയ്യാതെയായി. ഇതൊക്കെയാണ് അനുഷ്കയിൽ കണ്ട മാറ്റങ്ങൾ.’ അനുഷ്കയുടെ അച്ഛൻ അഭിഷേക് വ്യക്തമാക്കി. ‘അവൾ ഞങ്ങളെ ഒഴിവാക്കുകയാണ്. എല്ലാവരും. അവൾ ഞങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു ഞങ്ങൾക്കറിയാം. തീർച്ചയായും മടങ്ങിവരും.’ അനുഷ്കയുടെ അമ്മ പറയുന്നു.
പുരാതന സമ്പ്രദായമായ ഷാമനിസത്തെക്കുറിച്ച് ഓൺലൈനിൽ വായിക്കുന്നത് അനുഷ്കയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ‘ആരോ അവളെ സ്വാധീനിച്ചതായി തോന്നി. അവൾ പ്രായപൂർത്തിയാകാത്തവളാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ അവൾക്കു കഴിയണമെന്നില്ല. ഷാമനിസം പിന്തുടരാൻ ആഗ്രഹിക്കുന്നെന്ന് അവൾ എന്നോട് പറഞ്ഞു.’ അഭിഷേക് പറഞ്ഞു. പ്ലസ്ടു പഠനം പൂർത്തിയാക്കിയിരുന്ന അനുഷ്കയെ സഹാറ റോസ്, കാമ്യ ബുച്ച് തുടങ്ങിയ ആത്മീയജീവിത പരിശീലകർ സ്വാധീനിച്ചതായാണ് നിഗമനം. ഷാമനിസം അഭ്യസിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
അതേസമയം, അനുഷ്ക പോയി എന്ന പറയപ്പെടുന്ന സ്ഥലങ്ങളിൽ സിസിടിവി ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നതായി ബെംഗളൂരു നോർത്ത് ഡപ്യൂട്ടി കമ്മിഷണർ വിനായക് പാട്ടീൽ അറിയിച്ചു. അനുഷ്കയുടെ ഓൺലൈൻ ഇടപാടുകളുടെ ഫൊറൻസിക് പരിശോധനയ്ക്കു പുറമെ സമീപ കാലത്ത് അവളുടെ താൽപര്യങ്ങളെക്കുറിച്ചും പഠിക്കുമെന്നും കാണാതായശേഷം ഇതുവരെ ആരെയും അനുഷ്ക ബന്ധപ്പെട്ടിട്ടില്ലെന്നും ഡിസിപി പറഞ്ഞു.
Post Your Comments