ഡൽഹി: ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി കാമുകിമാരെയും കൂട്ടി ഹിൽ സ്റ്റേഷനിൽ പോകാനുള്ള പണം ഇല്ലാതെ വന്നതോടെ കൊള്ള നടത്തിയ യുവാക്കൾ അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവർ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഈ കേസിലെ മുഖ്യ പ്രതി പവന് 22 വയസ്സ് മാത്രമാണ് പ്രായം. ഒരു കാർ, ഒരു മൊബൈൽ ഫോൺ, കുറച്ച് പണം എന്നിവ യുവാക്കളിൽ നിന്നും കണ്ടെത്തി.
ദില്ലിയിലെ ദ്വാരക ജില്ലയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ 24 ന് രാത്രി 3.15 അടുപ്പിച്ചാണ് സംഭവം. റെഡ് ലൈറ്റിനടുത്ത് വണ്ടി നിർത്തിയ ഒരു യുവാവിനോട് ഈ മൂവർ സംഘം ചെന്ന് കാറിന്റെ ടയർ പഞ്ചറായിട്ടുണ്ട് എന്ന് പറയുന്നു. ടയർ പരിശോധിക്കാനായി പുറത്തിറങ്ങിയ യുവാവിനെ മൂവരും ചേർന്ന് മർദ്ദിക്കുന്നു. മർദ്ദനമേറ്റ യുവാവിന്റെ പേഴ്‌സും കാറും മൊബൈൽ ഫോണും അടിച്ചെടുത്ത് മൂവർ സംഘം രക്ഷപെട്ടു.
ആശുപത്രിയിൽ പോയി പ്രാഥമിക ചികിത്സ കഴിഞ്ഞ ശേഷം മർദ്ദനമേറ്റ യുവാവ് പോലീസിൽ പരാതി നൽകി. പരാതി കിട്ടി വെറും 48 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ പിടികൂടുകയുണ്ടായി. ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശികളാണ് ഈ കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാക്കൾ സമാനമായ രീതിയിൽ നടത്തിയ മറ്റു പല കൊള്ളകളെക്കുറിച്ചും പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
Leave a Comment