
തിരുവനന്തപുരം: 1000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 33.84 കോടി രൂപയുടെ സ്വത്തുക്കൾ ആണ് പുതുതായി എൻഫോഴ്സ്മെന്റ് വകുപ്പ് കണ്ടു കെട്ടിയത്. ഇതോടെ തട്ടിപ്പ് കേസിൽ ആകെ 65 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി കഴിഞ്ഞു. കേരളത്തിൽ 10 ഇടങ്ങളിൽ ഉള്ള ഭൂമിയും കെട്ടിടങ്ങളും, 11.5 കിലോഗ്രാം സ്വർണം, കമ്പനി ഉടമകളുടെയും പ്രമോട്ടർമാരുടെ പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ഉള്ള 3.79 കോടി രൂപ അടക്കം ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
കേരള പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസ് പിന്നീട് ഇഡി ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. മൂവായിരത്തോളം വരുന്ന നിക്ഷേപകരെ വഞ്ചിച്ചു പ്രതികൾ തട്ടിയെടുത്ത പണം കള്ളപ്പണമായി ബിനാമി ഇടപാടുകളിൽ അടക്കം നിക്ഷേപിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 9ന് പോപ്പുലർ ഫിനാൻസ് കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ റിനു മറിയം തോമസ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്വത്തുക്കൾ നേരത്തേ കണ്ടുകെട്ടിയിരുന്നു. പ്രതികളിൽനിന്നും 14 കോടി രൂപയുടെ സ്വർണ്ണം,10 കാറുകൾ, കേരളത്തിലും തമിഴ് നാട്ടിലുമുള്ള ഭൂമി എന്നിവ അടക്കമാണ് കണ്ടുകെട്ടിയത്.
Post Your Comments