ലഖ്‌നൗ: കാണ്‍പൂരിലെ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ പുതിയ വാദഗതിയുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വ്യവസായിയുടെ വീട്ടില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്ത കോടികളുടെ കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. എസ്.പി നേതാവ് പുഷ്പരാജ് ജെയിനിന്‍റെ പേരിനോട് സാദൃശ്യമുള്ള പീയുഷ് ജെയിന്‍ എന്ന പേരായതിനാല്‍ ‘അബദ്ധ’ത്തിലാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം പൂഴ്ത്തിവെക്കാനുള്ളതിനാല് എസ്.പി നോട്ട് നിരോധനത്തെ എതിര്‍ത്തുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ‘യോഗിയായ ഒരാള്‍ കാവിവസ്ത്രം ധരിച്ച് കള്ളം പറഞ്ഞാല്‍, അയാളെ എങ്ങനെ വിശ്വസിക്കും? കാണ്‍പൂരില്‍ പിടിച്ചെടുത്ത കള്ളപ്പണം എസ്.പിയുടേതാണെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതിലും വലിയ നുണ മറ്റൊന്നില്ല. കൂടാതെ ആര്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്തം. ഈ കണ്ടെടുത്ത പണം എവിടെനിന്ന് വന്നു? വിമാനത്തിലോ ട്രെയിനിലോ വന്നതാണോ? എല്ലായിടത്തും അവരുടെ സര്‍ക്കാറുണ്ട്. നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു’ -അഖിലേഷ് മറുപടി നല്‍കി.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ..
‘ഞങ്ങളുടെ നേതാവ് പുഷ്പരാജ് ജെയിനാണ് എസ്.പിക്കായി പെര്‍ഫ്യൂമുകള്‍ നിര്‍മിച്ചത്. എസ്.പിയുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍നിന്നാണ് കള്ളപ്പണം പിടിച്ചെടുത്തതെന്ന് ബി.ജെ.പി പരസ്യപ്പെടുത്തി. എന്നാല്‍, വൈകിട്ടോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എസ്.പിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായി. അവരുടെ പ്രസ്താവനകള്‍ തിരുത്തി. തെറ്റായ സ്ഥലത്താണ് റെയ്ഡ് നടന്നത്. ബി.ജെ.പിയുടെ സ്വന്തം വ്യവസായിക്കെതിരെ. പീയുഷ് ജെയിനിന്‍റെ കോള്‍ റെക്കോഡുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു ബി.ജെ.പി നേതാവിന്‍റെ പേരെങ്കിലും ലഭിക്കും. അവര്‍ പുഷ്പരാജ് ജെയ്നിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ആഗ്രഹിച്ചു, എന്നാല്‍ പീയുഷ് ജെയിനിന്‍റെ വീട്ടില്‍ പരിശോധന നടത്തി. ഇത് ഡിജിറ്റല്‍ ഇന്ത്യയുടെ തെറ്റായി കാണേണ്ടിവരും’ -അഖിലേഷ് യാദവ് മറുപടി നല്‍കി.
Post Your Comments