തൃശൂര്‍: യുവാവിനേയും വയോധികയായ മാതാവിനേയും പൊലീസ് മര്‍ദിച്ചതായി പരാതി. ചാവക്കാട് എടക്കഴിയൂരില്‍ ഖാദരിയ പള്ളിക്ക് സമീപം അയ്യത്തയില്‍ വീട്ടില്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ (85), മകന്‍ നൗഫര്‍ (42) എന്നിവരാണ് പൊലീസ് മര്‍ദിച്ചെന്ന് കാട്ടി ചാവക്കാട് രാജ ആശുപത്രിയില്‍ ചികിത്സ തേടിയത്.
നൗഫറിന്റെ ജ്യേഷ്ഠന്‍ നാസറിനെതിരെ ചാവക്കാട് പൊലീസില്‍ ലഭിച്ച ഒരു പരാതിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ എത്തിയ പൊലീസ് ആണ് ഇവരെ മർദ്ദിച്ചത്. ടു വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന നാസറിനെതിരെ വാഹനം റിപ്പയറിങ്ങിന് നല്‍കിയ ബ്ലാങ്ങാട് സ്വദേശിയാണ് പരാതി നല്‍കിയത്. അന്വേഷണവുമായി ബന്ധപെട്ട് നൗഫറിനെ പൊലീസ് വിളിച്ചിരുന്നു. നാസര്‍ കണ്ണൂരിലെ ഭാര്യ വീട്ടിലാണെന്നും വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുള്ളൂ എന്നും നൗഫര്‍ പൊലീസിനെ അറിയിച്ചു.
read also:മോദി ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും: കോടിയേരി ബാലകൃഷ്ണൻ
ഞായറാഴ്ച്ച പൊലീസ് വീണ്ടും വിളിക്കുകയും നൗഫറിനോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവറായി ജോലി ചെയ്യുന്ന നൗഫര്‍ തനിക്ക് മത്സ്യത്തൊഴിലാളികളെ ഹാര്‍ബറില്‍ കൊണ്ടുവിടേണ്ടതുണ്ടെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നും അറിയിച്ചു. എങ്കില്‍ നിന്നെ വീട്ടില്‍ വന്ന് കണ്ടോളാം എന്നായിരുന്നു പോലീസിന്റെ ഭീഷണി . ഇതിനു പിന്നാലെ തിങ്കളാഴ്ച്ച രാവിലെ പത്തോടെ ചാവക്കാട് എസ്‌എച്ച്‌ഒ കെഎസ് സെല്‍വരാജിന്റെ നേതൃത്വത്തില്‍ പൊലീസ് പരാതിക്കാരനുമായി വീട്ടിലെത്തുകയും നൗഫറിനെ മര്‍ദ്ദിക്കുകയും ചെയ്തെന്നു പരാതിയിൽ ആരോപിക്കുന്നു.
മകന്റെ കഴുത്തില്‍ പിടിച്ച് മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മാതാവിനെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതിയിൽ പറയുന്നു. ബഹളം കേട്ട് എത്തിയ നൗഫറിറിന്റെ ബന്ധുക്കളെ അസഭ്യം പറയുകയും ചെയ്തു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തെന്നും ആരോപണമുണ്ട്.
Post Your Comments