KeralaLatest News

അടുത്തുണ്ടായിട്ടും മകന്റെ വിളി കേൾക്കാതെ മകനെ കാണാതെ രണ്ടു വർഷം: ഒടുവിൽ ആ അമ്മ യാത്രയായി

പ്രസവത്തോടെ രണ്ടു വർഷമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു മുതുവല്ലൂർ മാനേരി പുളിയങ്ങാടൻ കൊറ്റന്റെ മകളും കൊളത്തൂർ സുബാഷിന്റെ ഭാര്യയുമായ പ്രമീള.

കൊണ്ടോട്ടി: കൊഞ്ചലുമായി മകൻ അടുത്തുവരുമ്പോഴും ആ അമ്മ അതൊന്നുമറിയുന്നുണ്ടായിരുന്നില്ല. അമ്മയുടെ വിളി കേൾക്കാൻ ആ മകനും ഭാഗ്യമുണ്ടായില്ല. ഒടുവിൽ കുടുംബത്തിന്റെ കാത്തിരിപ്പ് വൃഥാവിലാക്കി ആ അമ്മ യാത്ര പറഞ്ഞു. തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെയാണ് പ്രമീള എന്ന മാതാവ് യാത്രയായത്. പ്രസവത്തോടെ രണ്ടു വർഷമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു മുതുവല്ലൂർ മാനേരി പുളിയങ്ങാടൻ കൊറ്റന്റെ മകളും കൊളത്തൂർ സുബാഷിന്റെ ഭാര്യയുമായ പ്രമീള.

2019 ഡിസംബർ 27-നായിരുന്നു പ്രമീള മഞ്ചേരി മെഡിക്കൽ കോളേജിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവസമയത്ത് വയറിനുള്ളിൽ രക്തം കട്ടപിടിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചു. തുടർന്നുനൽകിയ അനസ്തേഷ്യയിൽ പ്രമീളയ്ക്ക് ബോധം നഷ്ടമാകുകയായിരുന്നു.മഞ്ചേരിയിൽനിന്ന് പ്രമീളയെ തൊട്ടടുത്ത ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും ഒരു മാസത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല.

അബോധാവസ്ഥയിൽ പ്രമീള രണ്ടു വർഷമായി കിടപ്പിൽ തുടർന്നു. ഇതിനിടെ സർക്കാർ ജോലിയും ഇവരെ തേടിയെത്തി.നേരത്തേ, എട്ടു വർഷത്തോളം മഞ്ചേരി മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനായിരുന്നു. കഴിഞ്ഞവർഷം ലാബ് അസിസ്റ്റന്റായി ജോലി ലഭിച്ചതും പ്രമീള അറിഞ്ഞില്ല.അമ്മ ആദ്യമായി പേരുചൊല്ലി വിളിക്കണമെന്ന ആഗ്രഹത്തിൽ മകന് പേരിടാതെ കാത്തിരിക്കുകയായിരുന്നു കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button