കണ്ണൂർ: കെ റെയിൽ പദ്ധതിയിലൂടെ ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചരിത്ര പുരുഷനാകാൻ ശ്രമിച്ച് ഒടുവിൽ ഇവിടെയും മുഖ്യമന്ത്രി ദുരന്ത നായകനാകുമെന്നും അദ്ദേഹം പരിഹസിച്ചു. നവോത്ഥാന നായകനാവാൻ ശ്രമിച്ച് പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവാൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:കേന്ദ്രത്തില്‍ നിന്നും തികഞ്ഞ അവഗണനയാണ്, ബിജെപിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ വേണം: മുഖ്യമന്ത്രി
‘കെ റെയിലിന്റെ സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. ഡിപിആർ പോലും ഒളിച്ചു വെച്ചിരിക്കുകയാണ്. നിയമസഭയിൽ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. മുസ്ലിം ലീഗിനെ ദുർബലപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വർഗീയ ശക്തികൾക്ക് ശക്തി പകരാനാണ്. ലീഗിനെ ആക്രമിച്ച് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്താനാണ് ശ്രമം. ലീഗ് ദുർബലപ്പെട്ടാൽ അത് അപകടമാണ്. സിൽവർ ലൈനിനെതിരെയുള്ള പ്രതിഷേധത്തിൽ വരെ വർഗീയത കൊണ്ടു വരാനാണ് ശ്രമം. ശാസ്ത്ര സാഹിത്യ പരിഷത്ത് മത തീവ്രവാദ സംഘടനയാണോ? ബിജെപിയുമായി ചേർന്ന് സോളാർ സമരം നടത്തിയത് സിപിഐഎമ്മാണ്. ബിജെപിക്ക് രാഷ്ട്രീയ ഇടം നേടിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്’, പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശിതരൂർ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാർട്ടി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കെ-റെയിലിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Post Your Comments