ഫിറോസ്പൂർ: ഇന്ത്യ-പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ തരൻ തരൺ ജില്ലയിൽ നിന്നും വമ്പിച്ച മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് അതിർത്തി രക്ഷാസേന. ഏതാണ്ട് 40 കിലോയോളം ഹെറോയിനാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. രണ്ടു പ്രാവശ്യമായാണ് ഇവ ഇന്ത്യൻ അതിർത്തിക്കുള്ളിൽ എത്തിച്ചത്.
മിയാൻവാല ഉത്തർ ഗ്രാമത്തിൽ, ഞായറാഴ്ച രാവിലെയായിരുന്നു ആദ്യ സംഭവം നടന്നത്. പട്രോളിങ് പോവുകയായിരുന്ന ബിഎസ്എഫ് സൈനികർ എന്തോ വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ, താഴെ വീണു കിടക്കുന്ന നിലയിൽ ഹെറോയിൻ പാക്കറ്റുകൾ കാണുകയായിരുന്നു. എല്ലാ പാക്കറ്റുകളും കൂടി ഏതാണ്ട് 34 കിലോ ഭാരം വരുമെന്ന് സൈനികർ വ്യക്തമാക്കി.
ഫിറോസ്പൂർ ഗ്രാമത്തിലാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ദിവസം തന്നെ, വലിയ ശബ്ദത്തോടെ എന്തോ താഴെ വീഴുന്നതു കേട്ട് തിരച്ചിൽ നടത്തിയ സൈനികരാണ് പാക്കറ്റുകൾ കണ്ടെത്തിയത്. ഓരോ കിലോഗ്രാമിന്റെ ആറ് പാക്കറ്റുകളിലായിരുന്നു ഇക്കുറി മയക്കുമരുന്നു കടത്ത്. സൈന്യം ഊർജിതമായ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
Post Your Comments