കൊച്ചി: കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപിൽ നടന്ന തർക്കം നാട്ടുകാരിലേക്ക് കൂടി വ്യാപിപ്പിച്ച് അക്രമകാരികൾ. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസ് ജീപ്പുകൾ നശിച്ചു. അഞ്ഞൂറിലധികം തൊഴിലാളികളാണ് നാട്ടുകാരെയും പോലീസിനെയും ആശങ്കയിലാഴ്ത്തിയത്. ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ആണ് ഇവിടെ തിങ്ങിപാർക്കുന്നത്. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾ മദ്യവും കഞ്ചാവും ഉൾപ്പെടെയുള്ള മയക്കുമരുന്നും ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുടെ വ്യാപ്തി എത്രയുണ്ടെന്ന് അറിയാതെയായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. ആവശ്യത്തിന് പൊലീസ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾ തമ്മിലുണ്ടായ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചു. പ്രശ്ന പരിഹാരത്തിന് ശ്രമിച്ച പൊലീസിന് നേരെ ഇവർ അക്രമാസക്തരായി മാറുകയായിരുന്നു. പൊലീസുകാരെ കൊല്ലുമെന്ന് തൊഴിലാളികൾ വെല്ലുവിളിച്ചു. ജീപ്പ് തല്ലിത്തകർത്ത ശേഷം അതിന് മുകളിൽ കയറി കൊലവിളി നടത്തി. ഇത് തടയാൻ ശ്രമിച്ച പൊലീസുകാരെ അതിക്രൂരമായി മർദ്ദിച്ചു.
Also Read:തായ്‌വാൻ നാവികസേനയ്ക്ക് സുരക്ഷാ ഭീഷണി : വട്ടമിട്ടു പറന്ന് ചൈനീസ് മുങ്ങിക്കപ്പൽവേധ വിമാനങ്ങൾ
കൺട്രോൾ റൂം വാഹനത്തിലും കുന്നത്തുനാട് സ്‌റ്റേഷനിലും നിന്നാണ് ആദ്യം പൊലീസെത്തിയത്. പോലീസിനെ മർദ്ദിക്കുന്നതിന്റെയും പോലീസ് വാഹനം തീയിട്ട് കത്തിച്ചതിന്റെയും ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെയും ഇവർ ആക്രമിച്ചു. പൊലീസുകാരെ ചുട്ടുകൊല്ലാൻ വരെ അക്രമികൾ മുതിർന്നേക്കുമെന്ന് ഒരു ഘട്ടത്തിൽ നാട്ടുകാർ ഭയന്നു. അത്രയും ഭയാനകമായിട്ടായിരുന്നു തൊഴിലാളികളുടെ പെരുമാറ്റം. എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. പോലീസുകാരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയും ടിപ്പർ ലോറി ഡ്രൈവറുമായ സരുൺ കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചതോടെയാണ് സഹായത്തിനായി കൂടുതൽ പൊലീസുകാരെത്തിയത്. കത്തിച്ച ജീപ്പിൽ പൊലീസുകാരെ പിടിച്ചിരുത്താനും ചിലർ ശ്രമിച്ചതായി നാട്ടുകാർ പറയുന്നുണ്ട്. ആക്രമം നടത്തിയ ചില തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലർ ഇപ്പോഴും ഒളിവിലാണ്.
Post Your Comments