വിവാദത്തിന് പിന്നാലെ ശബരിമലയില്‍ പ്രസാദം വാങ്ങുന്ന ചിത്രം പങ്കുവെച്ച് ദേവസ്വം മന്ത്രി

വിഷയം വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു

പത്തനംതിട്ട: മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ കൈക്കുമ്പിളില്‍ വാങ്ങിയ തീര്‍ത്ഥജലം ഒഴുക്കി കളഞ്ഞെന്ന വിവാദത്തിന് പിന്നാലെ ശ്രീകോവിലിന് മുന്നില്‍ നിന്ന് പ്രസാദം വാങ്ങുന്ന ചിത്രം പങ്കുവെച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. കൂവയിലയില്‍ പ്രസാദം വാങ്ങുന്ന ചിത്രം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും എത്തിയ ഘോഷയാത്രയെ വരവേല്‍ക്കുന്നതിനും മണ്ഡലപൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമാണ് മന്ത്രി ഇന്നലെ സന്നിധാനത്ത് എത്തിയത്. ദീപാരാധനയിലും പങ്കെടുത്തിരുന്നു.

Read Also : ഒമിക്രോണ്‍ ജാഗ്രത: കര്‍ണാടകയില്‍ പത്ത് ദിവസത്തേയ്ക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ശ്രീകോവിലിന് മുന്നില്‍ വെച്ച് നല്‍കിയ തീര്‍ത്ഥം കൈക്കുമ്പിളില്‍ നിന്ന് ഒഴുക്കികളയുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിശ്വാസികളുടെ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. വിഷയം വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഒരു ചായ പോലും തനിക്ക് വേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. താന്‍ കക്കുന്നില്ലെന്നും അതുകൊണ്ട് ദൈവത്തെ പോലും പേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തനിക്ക് തന്റെ വിശ്വാസമുണ്ടെന്നും അതുകൊണ്ട് ആരുടെയും വിശ്വാസം മോശമാണെന്ന് പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍ വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകുമെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി ഇന്ന് രാത്രി പത്ത് മണിക്ക് നട അടക്കും. രാത്രി നട അടച്ചുകഴിഞ്ഞാല്‍ മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും. മണ്ഡലപൂജ നടക്കുന്ന ഇന്ന് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല.

Share
Leave a Comment